ജലോര്‍ (രാജസ്ഥാന്): ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന ബാലികയും അരികില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയൊരു മുത്തശ്ശിയും ആണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ റാണിവാഡ മരുഭൂമിയില്‍ നിന്നുള്ള കണ്ണീര്‍ ചിത്രമാണ് ഇപ്പോൾ നൊമ്പരമുണർത്തുന്നത്. കടുത്ത ചൂടില്‍ ദാഹജലം കിട്ടാതെ വലഞ്ഞ്, നിര്‍ജലീകരണം സംഭവിച്ചാണ് ആ അഞ്ച് വയസ്സുകാരി മരിച്ചത്.
സ്വന്തം ഗ്രാമത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയുള്ള മുത്തശ്ശിയുടെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയതാണ് ഇരുവരും. കൊടുംചൂടില്‍ ദാഹമകറ്റാന്‍ വെള്ളം കിട്ടാതെ തളര്‍ന്ന് ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. അഞ്ചുവയസുകാരി മരിക്കുകയും മുത്തശ്ശി ബോധം കെട്ട് കിടക്കുകയുമായിരുന്നു. മരിച്ചുകിടക്കുന്ന ബാലികയേയും അരികില്‍ ബോധരഹിതയായി കിടക്കുന്ന മുത്തശ്ശിയെയും അതുവഴി പോയ ആട്ടിടയര്‍ ആണ് കണ്ടത്.
ഇരുവരും ബോധം കെട്ട് കിടക്കുകയാണെന്ന് കരുതി മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോളാണ് ബാലിക മരിച്ച വിവരം അവര്‍ അറിയുന്നത്. ബോധം തിരികെ കിട്ടിയ മുത്തശ്ശി കൊച്ചുമകളുടെ മൃതദേഹത്തിനരികില്‍ ഇരുന്ന് എന്തുചെയ്യണമെന്നറിയാതെ മാനസിക വിഭ്രാന്തി കാട്ടി കരഞ്ഞുതളരുകയും ചെയ്തു. ആട്ടിടയര്‍ സംഭവം ഗ്രാമമുഖ്യനെ അറിയിക്കുകയും അദ്ദേഹം വിവരം നല്‍കിയനുസരിച്ച് ജില്ലാ അധികൃതര്‍ എത്തുകയും ചെയ്തു.
മുത്തശ്ശിക്ക് നിര്‍ജലീകരണം സംഭവിച്ചിരുന്നെന്നും അതുതന്നെയാണ് ബാലികയുടെ മരണകാരണമെന്നും പൊലീസ് പറഞ്ഞു. സുഖി എന്ന് പേരുള്ള മുത്തശ്ശി ഇപ്പോള്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവരുടെ മാനസികാരോഗ്യം തകരാറിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടാം വിവാഹം കഴിച്ച് അമ്മ ഉപേക്ഷിച്ചുപോയ ശേഷം ബാലിക മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞുവന്നിരുന്നതെന്ന് ജില്ല കലക്ടര്‍ നമ്രത വര്‍ഷിണി പറഞ്ഞു. കുറച്ചുനാളായി സുഖിയും കൊച്ചുമകളും മറ്റുള്ളവരില്‍ നിന്ന്യാചിച്ചാണ് ഭക്ഷണം കഴിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
‘അയല്‍വാസികള്‍ അവര്‍ക്ക് ഭക്ഷണം നല്‍കി സഹായിച്ചിരുന്നു’- കലക്ടര്‍ പറഞ്ഞു. സുഖിയുടെ പുനരധിവാസത്തിനുള്ള നടപടികള്‍ തുടങ്ങിയതായും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്രം നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷനോട് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് അഞ്ചുവയസ്സുകാരിയുടെ മരണത്തിന്ഇടയാക്കിയതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്ത് ആരോപിച്ചു.
Post Your Comments