ഹൈദരാബാദ്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം പുറത്തുവന്നതോടെ രാജ്യത്തെ ഇടത് പാർട്ടികൾ തീർത്തും അപ്രസക്തമാകുന്നു. രാജസ്ഥാനിൽ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അതിൽ ഒരു സീറ്റിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സിപിഐക്ക് ഒരു സീറ്റ് നേടാനായി.
സി.പി.എമ്മിന് രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകളാണ് നഷ്ടപ്പെട്ടത്. 2018-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പം നിന്ന ദുംഗർഗഡ്, ഭദ്ര എന്നീ മണ്ഡലങ്ങൾ രണ്ടും നഷ്ടമായി. ദുംഗർഗഡിൽ ഗിർധരിലാൽ മഹിയയും ഭദ്രയിൽ ബൽവാൻ പൂനിയയുമാണ് സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എംഎൽഎമാർ. ദുംഗർഗഡിൽ ഇത്തവണ ഗിർധരിലാൽ മഹിയ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെടുകയും ചെയ്തു. ബി.ജെ.പി. സ്ഥാനാർത്ഥി താരാചന്ദ് 8125 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ കോൺഗ്രസിലെ മംഗളറാം ഗോദാര രണ്ടാമതെത്തി.
ഭദ്ര മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥി സഞ്ജീവ് കുമാറിനോട് 1132 വോട്ടുകൾക്കാണ് ബൽവാൻ പൂനിയ പരാജയപ്പെട്ടത്. 2020-ൽ അശോക് ഗെഹലോത്തും സച്ചിൻ പൈലറ്റും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് എം.എൽ.എമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചപ്പോൾ തന്റെ വയലിനെ വെട്ടുകിളിക്കൂട്ടത്തിൽ നിന്ന് സംരക്ഷിക്കുകയായിരുന്ന ഗിർധരിലാൽ മഹിയ അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
രാജസ്ഥാനിൽ 17 സീറ്റുകളിലാണ് ഇത്തവണ സി.പി.എം. മത്സരിച്ചത്. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 0.96 ശതമാനം വോട്ടുകൾ മാത്രം നേടാൻ കഴിഞ്ഞ സി.പി.എം. സംസ്ഥാനത്ത് നോട്ടയെക്കാൾ പിന്നിലാണ്. 0.04 ശതമാനം വോട്ടാണ് സി.പി.ഐയ്ക്ക് ലഭിച്ചത്. 0.01 ശതമാനമാണ് സി.പി.ഐ (എം.എൽ) (എൽ) നേടിയത്.
അതേസമയം, തെലങ്കാനയിൽ സി.പി.ഐ. അക്കൗണ്ട് തുറന്നു. കൊത്തകുടം മണ്ഡലത്തിൽ വോട്ടെണ്ണിത്തീർന്നപ്പോൾ സി.പി.ഐ സ്ഥാനാർത്ഥി കെ. സാംബശിവ റാവു 26547 വോട്ടുകൾക്ക് വിജയിച്ചു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാനാർത്ഥിയെയാണ് സാംബശിവറാവു തോൽപ്പിച്ചത്. തെലങ്കാനയിൽ തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.ഐ കോൺഗ്രസുമായി ധാരണയിലെത്തിയിരുന്നു. കൊത്തകുടം മണ്ഡലത്തിലെ സീറ്റും അധികാരത്തിലെത്തിയാൽ രണ്ട് എം.എൽ.സി സീറ്റുകളുമാണ് സി.പി.ഐയ്ക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനം.
അതേസമയം, 17 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ച സി.പി.എമ്മിന് ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. ഖമ്മം ജില്ലയിലെ പലൈർ മണ്ഡലത്തിൽ മത്സരിച്ച സി.പി.എം തെലങ്കാന സംസ്ഥാന സെക്രട്ടറി വീരഭദ്രം തമ്മിനേനിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഈ വർഷം ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് ബി.ആർ.എസ് പൊതുയോഗം നടത്തിയത് ഖമ്മത്തായിരുന്നു. 0.22 ശതമാനം വോട്ടാണ് സി.പി.എമ്മിന് സംസ്ഥാനത്തൊട്ടാകെ ലഭിച്ചത്. സി.പി.ഐക്ക് 0.34 ശതമാനവും സി.പി.ഐ(എം.എൽ)(എൽ)-ന് പൂജ്യം ശതമാനം വോട്ടും ലഭിച്ചു.
Post Your Comments