
തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. ഈ മാസം 30 ന് ഉള്ളിൽ കാർഡ് മാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാത്തവർക്കാണ് പിഴ ചുമത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓരോ കിലോ ഭക്ഷ്യധാന്യത്തിനും കാർഡ് കൈവശം വെച്ചിരിക്കുന്ന കാലാവധി കണക്കാക്കി പിഴ ഈടാക്കാനാണ് നിർദ്ദേശം.
മുൻഗണനാ കാർഡ് പ്രകാരം ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കണക്കനുസരിച്ചാണ് പിഴത്തുക തീരുമാനിക്കുക. കാർഡ് ഉടമയുടെ പേരിൽ നാലുചക്ര വാഹനം ഉണ്ടെങ്കിൽ വാഹനം രെജിസ്റ്റർ ചെയ്ത ദിവസം മുതൽ വാങ്ങിയ റേഷൻ കണക്കാക്കിയാകും പിഴ ഈടാക്കുക. കിലോയ്ക്ക് അരി 64 രൂപ, ഗോതമ്പ് 20 രൂപ, പഞ്ചസാര 20 മുതൽ 25 വരെ എന്നിങ്ങനെയാണ് ഏകദേശം പിഴത്തുക. എ.എ.വൈ കാർഡ് പ്രകാരം മാസം 30 കിലോ അരി വാങ്ങുന്നയാൾ ശരാശരി 23000 രൂപ ഒരു വർഷത്തേക്ക് പിഴയായി അടക്കണം.
പിഴയോ, ശിക്ഷാ നടപടികളോ കൂടാതെ ഈ മാസം 30 വരെ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം. ഇതിനായി കാർഡിലെ വിവരങ്ങൾ അടങ്ങിയ പേജുകൾ സ്കാൻ ചെയ്ത് അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് മെയിൽ അയക്കാം, താലൂക്ക് സപ്ലൈ ഓഫീസറെയോ, റേഷൻ കടയുടമയെയോ നേരിൽ കണ്ടും കാർഡ് മാറ്റത്തിനായി അപേക്ഷിക്കാം.
Post Your Comments