തിരുവനന്തപുരം : പല കള്ളക്കേസും ചമച്ച് ബി.ജെ.പി നേതാക്കന്മാരെ ജയിലിലടക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാരെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽകണ്ട് പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പിയെ നശിപ്പിക്കാൻ സി.പി.എമ്മും കേരള പൊലീസും ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാൽ, വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരാണ് കുമ്മനത്തിനൊപ്പം ഗവർണറെ കാണാനായി രാജ്‌ഭവനിലെത്തിയത്.
‘ബി.ജെ.പിയെ വേട്ടയാടാൻ വേണ്ടിയാണ് കൊടകര കുഴൽപ്പണക്കേസിൽ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത്. പാർട്ടിക്ക് കേസിൽ ബന്ധമില്ല, അന്വേഷണം പൊലീസ് ബി.ജെ.പിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പരാതികളെ ബി.ജെ.പി ശക്തമായി ചെറുക്കും’- കുമ്മനം രാജശേഖരൻ പറഞ്ഞു.
പൊലീസ് അന്വേഷണ രഹസ്യം പുറത്തുവിടുകയാണ് ചെയ്യുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്‌ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ ഡി.ജി.പിയെ നേരിൽ കാണുമെന്നും സുന്ദരയ്‌ക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
Post Your Comments