കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നത് ചത്ത കുതിരയെ നയിക്കാനാണെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനേയും കെ.സുധാകരനേയും അദ്ദേഹം പരിഹസിച്ചത്. ‘കാലാള്‍ പടയില്ലാതെ കടിഞ്ഞാണ്‍ കിട്ടിയിട്ടെന്തു കാര്യം? ചത്ത കുതിരയുടെ കടിഞ്ഞാണാണ് സുധാകരന്റെ കയ്യില്‍, സുധാകരനല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ വന്നാലും, കാലാള്‍പ്പടയില്ലാതെ, ചത്ത കുതിരയില്‍ സവാരി ചെയ്യാന്‍ കഴിയില്ലെന്നും ‘ ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
കാലാള്‍ പടയില്ലാതെ കടിഞ്ഞാണ്‍ കിട്ടിയിട്ടെന്തു കാര്യം? ചത്ത കുതിരയുടെ കടിഞ്ഞാണാണ് സുധാകരന്റെ കയ്യില്‍, സുധാകരനല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ വന്നാലും, കാലാള്‍പ്പടയില്ലാതെ, ചത്ത കുതിരയില്‍ സവാരി ചെയ്യാന്‍ കഴിയില്ല. അടിത്തട്ടില്‍ അഴിച്ച് പണിയും എന്നാണ് സുധാകരന്‍ പറയുന്നത് പക്ഷെ അടിത്തട്ടുണ്ടെങ്കിലല്ലേ അഴിച്ചു പണിയാന്‍ പറ്റൂ? ഇടത്പക്ഷത്തിന്റെ ബി ടീം ആയി പ്രവര്‍ത്തി ക്കുന്ന കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് ആര് വന്നിട്ട് എന്ത് കാര്യം? ദേശീയ തലത്തില്‍ ഇടത് പക്ഷത്തിന്റെ നയത്തെ എതിര്‍ക്കാന്‍ സുധാകരന് കഴിയുമൊ? മുഖ്യശത്രു ബി.ജെ.പിയാണെന്ന് വി.ഡി.സതീശനും, കെ.മുരളീധരനും പറയുന്നതിന്റെ പിന്നില്‍ മത ഭീകര ജീഹാദികളുമായി സഖ്യത്തിന് തയ്യാറാണെന്ന ഹിഡന്‍ അജണ്ടയാണ്. ജിഹാദി രാഷ്ട്രീയത്തിന്റെ തുപ്പല്‍ കോളാമ്പിയായി മാറാനുള്ള വ്യഗ്രതയാണ് കോണ്‍ഗ്രസ്സ് കാണിക്കുന്നത്. ഈ കാര്യത്തില്‍ സുധാകരന്‍ നിലപാട് വ്യക്തമാക്കണം. ജിഹാദി രാഷ്ട്രീയത്തിനെ ഭയപ്പെടുന്ന ക്രൈസ്തവ സഭ അടക്കമുള കേരള ജനതക്ക് സുധാകരന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.
കമ്മ്യൂണിസ്‌ററ് ഫാസിസത്തിനെതിരെയാണ് സുധാകരന്റെ പോരാട്ടമെങ്കില്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടിക്ക് രണ്ട് ഫാസിസമുണ്ടൊ? കേരളത്തില്‍ ഒരു ഫാസിസവും ഡല്‍ഹിയില്‍ വേറെ ഒരു ഫാസിസവുമാണൊ? കമ്മൂണിസമെന്ന് പറഞ്ഞാല്‍ തന്നെ ഫാസിസമാണ്. അത് ഇന്ത്യയിലും, റഷ്യയിലും, ചൈനയിലും എല്ലാം ഒരു പോലെയാണ്. കോണ്‍ഗ്രസ്സിനോട് ഒരു മൃദുസമീപനവും ബി.ജെ.പിക്ക് ഇല്ല. അറക്കല്‍ ബീവിയെ കെട്ടാന്‍ അര സമ്മതം പോലെയാണ് കോണ്‍ഗ്രസ്സിലെയും സി.പി.എം ലേയും ചര്‍ച്ച. ബി.ജെ.പിയോട് സഖ്യം എന്നാണ് രണ്ട് മുന്നണികളും പറയുന്നത്. ഇത് തന്നെ ബി.ജെ.പിയുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. എന്തായാലും കാലാള്‍ പട ഇല്ലാത്ത സൈന്യാധിപനായ സുധാകരന് ആശംസകള്‍ അര്‍പ്പിക്കുന്നു. ഇനി രാഷ്ട്രീയ യുദ്ധഭൂമിയില്‍ കാണാം. നമോവാകം.
Post Your Comments