ലക്‌നൗ: ഉത്തർപ്രദേശിൽ പ്രഖ്യാപിച്ചിരുന്ന കോവിഡ് കർഫ്യു പിൻവലിച്ചു. ആക്ടീവ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഉത്തർപ്രദേശിൽ എല്ലാ ജില്ലകളിലെയും സജീവ കോവിഡ് കേസുകളുടെ എണ്ണം അറുന്നൂറിൽ താഴെ എത്തിയിരിക്കുകയാണ്.
കോവിഡ് കർഫ്യു പിൻവലിച്ചെങ്കിലും രാത്രികാലങ്ങളിലും വാരാന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങൾ തുടരാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. നിലവിൽ സംസ്ഥാനത്ത് ആകെ 14,000 സജീവ കേസുകളാണുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാരാന്ത്യങ്ങളിൽ ഒഴികെ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. വൈകുന്നേരം ഏഴു മുതൽ രാവിലെ ഏഴു മണിവരെ നെറ്റ് കർഫ്യു ഉണ്ടായിരിക്കും. ബുധനാഴ്ച്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 797 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 0.2 ശതമാനമാണ് ഉത്തർപ്രദേശിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 97.9 ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments