ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടയിലും കുതിച്ചുയർന്ന വ്യാപാര വർദ്ധനവുമായി ഇന്ത്യയും ചൈനയും. 2021 ലെ ആദ്യ അഞ്ച് മാസത്തിനിടെ 70 ശതമാനം വ്യാപാര വർദ്ധനവുണ്ടായെന്ന കണക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിലെ കസ്റ്റംസ് പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി അടക്കമുള്ളവയാണ് വ്യാപാരം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം അഞ്ച് മാസത്തിനിടെ 70.1 ശതമാനം വര്‍ധിച്ച് 48.16 ബില്യണ്‍ അമേരിക്കന്‍ ഡോളറിലെത്തി. ചൈനീസ് കസ്റ്റംസ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ജനുവരി – മെയ് കാലയളവില്‍ 64.1 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ 90.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ചൈനയുടെ മറ്റുവ്യാപാര പങ്കാളികളുമായി നടത്തിയതില്‍ അധികമാണ് അവര്‍ ഈ കാലയളവില്‍ ഇന്ത്യയുമായി നടത്തിയ വ്യാപാരം.
Read Also: കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി: കിറ്റിനൊപ്പം നല്‍കാമെന്ന് ഹോര്‍ട്ടി കോര്‍പ്പ്
2020 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 87.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കുറവ് വ്യാപാരത്തില്‍ രേഖപ്പെടുത്തി. 2017 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. വ്യാപാരം വര്‍ധിച്ചുവെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി അമേരിക്ക മാറുമെന്നാണ് ചൈന വിലയിരുത്തുന്നത്. അതേസമയം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏപ്രില്‍, മെയ് മാസങ്ങളിലാണ് വന്‍തോതില്‍ വര്‍ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയെ നേരിടാന്‍ ചൈനയില്‍നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യപാരം വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്.
Post Your Comments