ഭോപ്പാൽ: വിപണിയിൽ താരമായി നൂർജഹാൻ മാമ്പഴം. 500 മുതൽ 1000 രൂപ വരെയാണ് ഒരു നൂർജഹാൻ മാമ്പഴത്തിന്റെ വില. അനുകൂല കാലാവസ്ഥ ലഭിച്ചതിനാൽ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ വലിപ്പവും കഴിഞ്ഞ തവണത്തേക്കാൾ ഏറെ മെച്ചമാണെന്നാണ് കർഷകർ പറയുന്നത്.
അഫ്ഗാനിസ്താനാണ് നൂർജഹാൻ മാമ്പഴത്തിന്റെ ജന്മദേശം. ഇന്ത്യയിൽ മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിൽ കത്തിയവാഡിൽ മാത്രമാണ് നൂർജഹാൻ കൃഷി ചെയ്യുന്നത്. ഒരെണ്ണത്തിന് തന്നെ രണ്ട് മുതൽ മൂന്നര കിലോ വരെ തൂക്കമുണ്ടാകുമെന്നതാണ് നൂർജഹാൻ മാമ്പഴത്തിന്റെ പ്രത്യേകത. ജൂൺ ആദ്യത്തോടെയാണ് നൂർജഹാൻ മാവുകൾ വിളവെടുപ്പിന് തയ്യാറാവുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിലാണ് പൂവിടൽ. ഒരടി വരെ നൂർജഹാൻ മാങ്ങയ്ക്ക് വലിപ്പമുണ്ടാകാറുണ്ടെന്നും വിത്തിന് 150 മുതൽ 200 ഗ്രാം വരെ ഭാരമുണ്ടാകാറുണ്ടെന്നുമാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ സീസണിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാവുകൾ വേണ്ട വിധത്തിൽ പൂക്കുകയോ മാമ്പഴങ്ങൾ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇത്തവണ കാലാവസ്ഥ അനുകൂലമാകുകയും ധാരാളം മാമ്പഴങ്ങൾ ലഭിക്കുകയും ചെയ്തുവെന്നാണ് കർഷകർ പറയുന്നത്.
Post Your Comments