![](/wp-content/uploads/2020/05/n.vasu_.jpg)
പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അധികബാധ്യത വരുത്തുന്ന നിയമന മാമാങ്കം നടത്തുന്നതായി റിപ്പോർട്ട്. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബോർഡിന് പ്രതിമാസം അരക്കോടിയിലേറെ രൂപ അധിക ബാധ്യത വരുന്ന തരത്തില്‍ ആണ് ഇതെന്നാണ് ആരോപണം. കൊവിഡ് പ്രതിസന്ധി ദേവസ്വം ബോര്‍ഡിനെ ബാധിച്ചു തുടങ്ങിയ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നൂറിലേറെ നിയമനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയത് എന്നും ആരോപണമുണ്ട്.
ദേവസ്വം മരാമത്ത് വിഭാഗത്തിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണത്രേ.കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാനം തീരെയില്ല. ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി ശാക്തീകരിച്ചിരുന്നത് ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലമായിരുന്നു. എന്നാല്‍, 2018ല്‍ യുവതീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മൂലം ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായി.
തുടര്‍ന്ന് കൊവിഡ് മഹാമാരി പരന്നതോടെ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തും ശബരിമലയില്‍ നിന്നുള്ള വരുമാനം തീരെ ഇല്ലാതായി. ക്ഷേത്രങ്ങളുടെ ദൈനംദിന നടത്തിപ്പിനും ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിനും വക കണ്ടെത്താന്‍ ശ്രമപ്പെടുന്നതിനിടയിലാണ് പുതിയ ജീവനക്കാരെ നിയമിച്ച് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതെന്നാണ് ആക്ഷേപം.
ഒഴിവാക്കപ്പെടണമെന്നു കണ്ടെത്തിയ തസ്തികകളില്‍ പോലും പുതുതായി ആളെ നിയമിക്കുന്നതായാണ് പരാതികള്‍ ഉയരുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിമാസം മുപ്പതു കോടിയിലേറെ രൂപ കണ്ടെത്തേണ്ടതുണ്ട്.
Post Your Comments