
പാലക്കാട്: സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ചികിത്സയുടെ പേരിൽ പണം തട്ടിപ്പ് നടത്തിയ സി.പി.എം പ്രവർത്തകനെതിരെ പരാതി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് വയസുള്ള കുട്ടിയുടെ പേരിൽ പണം തട്ടിയതായാണ് പരാതി. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റിട്ട് ചാലിശ്ശേരി സ്വദേശി ഷാനുവാണ് ആളുകളിൽ നിന്നും പണം തട്ടിയത്.
വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് വയസ്സുകാരന് അടിയന്തിരമായി ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ട് പോസ്റ്റിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വൻതുക വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിൽ കൂറ്റനാട് ബാങ്ക് ശാഖയിലുള്ള സ്വന്തം അക്കൗണ്ട് നമ്പറാണ് നൽകിയിരുന്നത്. ഈ അക്കൗണ്ടിൽ എത്തിയ ഒന്നര ലക്ഷത്തോളം രൂപയാണ് ഷാനു തട്ടിയെടുത്തത്.
അതേസമയം, സോഷ്യൽ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി.
Post Your Comments