
തിരുവനന്തപുരം: ‘വീട്ടമ്മ’ എന്ന പദം മാറ്റി പകരം ‘ഗൃഹനാഥ’ എന്ന പദം ഉപയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുമായി പൊലീസ് ഉദ്യോഗസ്ഥ. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുദ്ദേശിച്ചുകൊണ്ട് നടപ്പിലാക്കുന്ന സർക്കാർ പദ്ധതിയുടെ പേര് ‘ഗൃഹനാഥകള്‍ക്ക് പെന്‍ഷന്‍’ എന്നാക്കി മാറ്റണമെന്ന നിര്‍ദേശവുമായാണ് പൊലീസ് ഉദ്യോഗസ്ഥയായ വിനയ എന്‍എ രംഗത്ത് എത്തിയത്.
‘ഗൃഹനാഥകള്‍ക്ക് പെന്‍ഷന്‍’ എന്ന നിലയിലേക്ക് പേര് മാറ്റിയാല്‍ അതിലെ വിവേചനം ഒഴിവാകും എന്നാണ് നിര്‍ദേശം. ‘വീട്ടമ്മ എന്ന പദം സ്ത്രീയുടെ പദവിയെ ഇകഴ്ത്തുന്നതാണ്. എന്നാല്‍ ഗൃഹനാഥ എന്ന പദം മാന്യതയുള്ള പദമാണ്. വീട്ടമ്മക്ക് സമാനമായ പുല്ലിംഗ പദം ഇല്ല. ഗൃഹനാഥക്ക് സമാനമായ പുല്ലിംഗ പദം ഉണ്ട്.’ വിനയ മുഖ്യമന്ത്രിക്ക് അയച്ച് കത്തില്‍ പറയുന്നു. ഇത്തരത്തില്‍ കേരള ഹൈക്കോടതിയുടെ 28856 വിധിന്യായത്തില്‍ പറയുന്നത് പ്രകാരം 2002 ല്‍ തൃശൂര്‍ ആകാശവാണിയുടെ വീട്ടമ്മമാര്‍ക്ക് വേണ്ടി എന്ന പരിപാടിയുടെ പേര് ഗ്രാമീണ സ്ത്രീ എന്നാക്കി മാറ്റിയിരുന്നുവെന്നും കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം:
സര്‍,
അങ്ങയുടെ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്ന പേരില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ പേര് ഗൃഹനാഥകള്‍ക്ക് പെന്‍ഷന്‍ എന്നാക്കിയാല്‍ ആ പദത്തിലെ വിവേചനം ഒഴിവാകും. വീട്ടമ്മക്ക് സമാനമായ പുല്ലിംഗപദം ഇല്ല. എന്നാല്‍ ഗൃഹനാഥക്ക് സമാനമായ പുല്ലിംഗ് ഉണ്ട്. വീട്ടമ്മ എന്ന പദം സ്ത്രീയുടെ പദവിയുടെ ഇകഴ്ത്തുന്നതാണ്. എന്നാല്‍ ഗൃഹനാഥ എന്ന പദം മാന്യതയുള്ള പദമാണ്. കേരള ഹൈക്കോടതിയുടെ 28856 വിധിന്യായത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
Read Also: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു; നാളെ ചോദ്യം ചെയ്യും
ആയതിന്റെ അടിസ്ഥാനത്തില്‍ 2002 വര്‍ഷത്തില്‍ തൃശൂര്‍ ആകാശവാണിയുടെ വീട്ടമ്മമാര്‍ക്ക് വേണ്ടി എന്ന് പരിപാടിയുടെ പേര് ഗ്രാമീണ സ്ത്രീ എന്നാക്കി മാറ്റിയിരുന്നു എന്നത് കൂടി അങ്ങയുടെ അറിവിലേക്കായി പറഞ്ഞു കൊള്ളട്ടെ. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്ന പദ്ധതിയുടെ പേര് വിവേചനരഹിതമായ ഗൃഹനാഥള്‍ക്ക് പെന്‍ഷന്‍ എന്നാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു. ഇന്നത്തെ റേഷന്‍കാര്‍ഡുകള്‍ ഗൃഹനാഥകളുടെ പേരില്‍ ആയതിനാല്‍ അവരെ കണ്ടുപിടിക്കാനും പ്രയാസമില്ല.
എന്ന് സ്‌നേഹത്തോടെ വിനയ
Post Your Comments