തിരുവനന്തപുരം: ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകർന്ന് അഴീക്കൽ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പൽ യാത്ര തിരിച്ചു. തുറമുഖത്ത് നടന്ന ചടങ്ങിൽ അഴീക്കലിൽ നിന്നുള്ള തീരദേശ ചരക്കുകപ്പൽ സർവീസിന്റെ ഉദ്ഘാടനവും ഫ്ളാഗ്ഓഫും നിർവ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
മലേഷ്യയിലേക്കുള്ള വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന്റെ എട്ടെണ്ണം ഉൾപ്പെടെ ഒൻപത് കണ്ടെയിനറുകളുമായി കൊച്ചിയിലേക്ക് പോകുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവൻ കപ്പലാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
അഴീക്കലിൽ നിന്ന് ചരക്കു കപ്പൽ സർവീസ് ആരംഭിച്ചതോടെ നാടിന്റെ വികസനത്തിൽ പുതിയൊരു ഏടിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘തിരക്കേറിയ റോഡിലൂടെയുള്ള കണ്ടെയിനർ ലോറികളിൽ ചരക്കുകൾ കൊണ്ടുവരുന്നതിനു പകരം കപ്പൽ സർവീസ് ആരംഭിച്ചതോടെ വ്യാപാരികൾക്കും വ്യവസായികൾക്കും ചരക്കുനീക്കം എളുപ്പവും ചെലവു കുറഞ്ഞതുമാവും. ചുരുങ്ങിയ ചെലവിൽ സാധനങ്ങൾ എത്തിക്കാനായാൽ അതിന്റെ ഗുണഫലം ഉപഭോക്താക്കൾക്കും ലഭിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
കേരള തീരത്ത് ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള മാരിടൈം ബോർഡിന്റെ പദ്ധതിയുടെ ഭാഗമായി ജെഎം ബക്സിയുടെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റിന്റെ ചരക്കു കപ്പലാണ് അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് ആദ്യ സർവീസ് നടത്തിയത്. ആഴ്ചയിൽ രണ്ടു സർവീസുകളാണ് ആദ്യഘട്ടത്തിൽ ഹോപ് സെവൻ നടത്തുക. ജൂലൈ ഏഴിനായിരിക്കും അടുത്ത സർവീസ്.
Post Your Comments