കൊച്ചി: അധോലോക കുറ്റവാളി രവിപൂജാരിയെ കൊച്ചിയിലെത്തിച്ചു. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന രവി പൂജാരിയെ ബംഗളൂരുവിൽ നിന്നും എയർ ഏഷ്യാ വിമാനത്തിലാണ് കൊച്ചിയിൽ എത്തിച്ചത്.
കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇയാളെ കൊച്ചിയിലെത്തിച്ചത്. നാളെ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാൽ നിലവിൽ എ ടി എസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.
2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
Read Also: കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് വൻ തുക പ്രതിഫലം; രോഗ വ്യാപനം തടയാൻ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
Post Your Comments