മുംബൈ: കോവിഡ് ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി റിലയൻസ് ഇൻഡസ്ട്രീസ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ശമ്പളം നൽകുമെന്നാണ് റിലയൻസ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ റിലയൻസ് ജീവനക്കാർക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനവും.
നേരത്തെ, അടിയന്തിര സാഹചര്യങ്ങളിലുള്ള ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് ശമ്പളം മുൻകൂറായി നൽകി സാമ്പത്തികമായും സഹായിച്ചിരുന്നു. കോവിഡ് ബാധിച്ച ജീവനക്കാർക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെയാണ് ജീവനക്കാർക്ക് അത്യാഹിതം സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുകയും കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കുകയും ചെയ്യുമെന്ന് റിലയൻസ് വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ച് മരണപ്പെടുന്ന ജീവനക്കാരുടെ മക്കളുടെ ബിരുദപഠനം വരെയുള്ള ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പുസ്തക ചിലവുകൾ എന്നിവ റിലയൻസ് ഫാമിലി സപ്പോർട്ട് ആൻഡ് വെൽഫെയർ സ്കീം നിർവഹിക്കുമെന്നും, ആശ്രിതരുടെ ആശുപത്രി ചിലവുകൾ കമ്പനി വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ, ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വാക്സിനേഷനുള്ള നടപടികൾ റിലയൻസ് ആരംഭിച്ചിരുന്നു.
Post Your Comments