ഡൽഹി: രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്സിനുകളായ കോവിഷീൽഡിന്റെയും കോവാക്സിന്റെയും അംഗീകാരത്തിനുശേഷം ഇന്ത്യയിൽ അംഗീകരിക്കുന്ന ആദ്യത്തെ വിദേശ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് വി. കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ ഇറക്കുമതിയിലൂടെ റഷ്യയിൽ നിന്നും ഇന്ത്യയ്ക്ക് 56.6 ടൺ സ്പുട്‌നിക് ഡോസുകളാണ് ലഭിച്ചത്. സ്പുട്നിക് വി കോവിഡ് വാക്സിനെക്കുറിച്ച് പ്രധാനമായും അറിയേണ്ട കാര്യങ്ങൾ ഇവയാണ്.
റഷ്യയിലെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്നിക് വി വികസിപ്പിച്ചെടുത്തത്. പാർശ്വഫലങ്ങളില്ലാത്ത കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ഗമലേയ നാഷണൽ റിസർച്ച് സെന്റർ 2020 മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ 68 രാജ്യങ്ങൾ സ്പുട്‌നിക് വി വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ലയോഫിലൈസ്ഡ് വാക്സിനാണ് സ്പുട്നിക് വി. മറ്റ് കോവിഡ് വാക്‌സിനുകളെ അപേക്ഷിച്ച് +2 – 8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കാം.
സ്പുട്നിക് വി രണ്ട് ഭാഗങ്ങളുള്ള വാക്‌സിനാണ്. ശാശ്വതമായ പ്രതിരോധശേഷി ഉറപ്പാക്കുന്നതിന്, ഒന്നും രണ്ടും വാക്സിനേഷനായി സ്പുട്നിക് രണ്ട് വ്യത്യസ്ത തരം അഡെനോവൈറസ് വെക്ടറുകൾ (rAd26, rAd5) ഉപയോഗിക്കുന്നു, ഇത് വാക്സിനുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ, ജലദോഷത്തിന് കാരണമാകുന്ന ഈ വൈറസുകൾ മനുഷ്യ ശരീരത്തിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും ഗമാലിയ റിസർച്ച് സെന്റർ വിശദീകരിക്കുന്നു. അതേസമയം, ഗർഭിണികളായ സ്ത്രീകൾ സ്പുട്നിക് വി ഒഴിവാക്കാൻ നിർദ്ദേശിക്കുന്നുണ്ട്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്പുട്നിക് വി വാക്സിന്റെ ഫലപ്രാപ്തി 95 ശതമാനമായി തീർച്ചപ്പെടുത്തിയിട്ടുണ്ട്.
സ്പുട്‌നിക് വി വാക്‌സിൻ ഒരു ഡോസിന് അന്താരാഷ്ട്ര വിപണിയിൽ 10 ഡോളറിൽ കുറവാണ്. ഇന്ത്യയിൽ സ്പുട്നിക് വിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചേർത്ത് രണ്ട് ഡോസുകൾക്ക് 1,990 മുതൽ 2,000 രൂപ വരെ വിലവരും. എന്നാൽ രാജ്യത്ത് സ്പുട്നിക് വി നിർമ്മാണം ആരംഭിച്ചുകഴിഞ്ഞാൽ വിലയിൽ കുറവ് പ്രതീക്ഷിക്കാം. ഇന്ത്യയിൽ അനുമതി ലഭിച്ച ആദ്യത്തെ സിംഗിൾ-ഡോസ് വാക്സിൻ ആണ് സ്പുട്നിക് ലൈറ്റ്. വാക്സിനേഷൻ കഴിഞ്ഞ് ഇരുപത്തിയെട്ട് ദിവസത്തിന് ശേഷം കൊറോണ വൈറസിനെതിരെ 79.4 ശതമാനം ഫലപ്രദമായിരുന്നു സ്പുട്നിക് ലൈറ്റ് വാക്സിൻ.
Post Your Comments