കുറ്റ്യാടി: 2016ല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച കുറ്റ്യാടി ബൈപാസ് റോഡ് നിര്‍മാണത്തിൽ ഉടൻ നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ബൈപാസ് റോഡ് നിര്‍മാണത്തിൽ ഇനിയും നിയമക്കുരുക്കുകള്‍ ബാക്കിയാണെന്ന് മന്ത്രി പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റ്യാടി-കോഴിക്കോട് -വടകര റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിന്റെ സ്ഥലമെടുപ്പിനെതിരെ ഏതാനും വ്യക്തികള്‍ ഹൈകോടതിയില്‍ നല്കിയ കേസ് ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍, സ്ഥലമെടുപ്പോ റോഡ് നിര്‍മാണത്തിനുള്ള നടപടികളോ ഇതുവരെ കോടതി സ്റ്റേ ചെയ്തിട്ടില്ല. അലൈന്മെന്റില് ഇനിയും മാറ്റം വരുത്തുന്നത് കിഫ്ബി മാനദണ്ഡലംഘനമാണെന്നതിനാല് സര്‍ക്കാര്‍ താല്പര്യം സംരക്ഷിക്കാനായി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വികസന വിഭാഗം ഹൈകോടതിയില്‍ ഹാജരാകാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
Read Also: മരണനിരക്ക് ഉയർന്നു; രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം
2016ല്‍തന്നെ ബൈപാസ് നിര്‍വഹണത്തിന് റോഡ്, പാലം വികസന കോര്‍പറേഷനെയാണ് ചുമതലപ്പെടുത്തിയത്. 2018ല്‍ സമര്‍പ്പിച്ച വിശദ എസ്റ്റിമേറ്റ് പ്രകാരം 37.96 കോടി രൂപയും അനുവദിച്ചു. 2019ല്‍ റോഡിന് സ്ഥലം ഏറ്റെടുക്കല്‍ നടപടിക്കായി കോഴിക്കോട് ജില്ല കലക്ടറെ ചുമതലപ്പെടുത്തി. കൊയിലാണ്ടി തഹസില്‍ദാറെ ഭൂമി ഏറ്റെടുക്കല്‍ ചുമതല ഏല്പിച്ചു. എന്നാല്‍, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചപ്പോള്‍ ഏതാനും ഭൂഉടമകള്‍ പ്രവൃത്തി തടസ്സപ്പെടുത്തി. കൂടാതെ കുറ്റ്യാടി പാലത്തിന് സമീപം നിര്‍മിക്കുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് റോഡ് തടസ്സമാകുമെന്ന് കാണിച്ച് ഒരു വ്യക്തി ഹൈകോടതിയെ സമീപിച്ചു.
Post Your Comments