തിരുവനന്തപുരം: വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആണ് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5:10 നാണ് പരീക്ഷണയോട്ടം തുടങ്ങിയത്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും വന്ദേഭാരത് ട്രെയിനിൽ പോകേണ്ട എല്ലാ ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു. എറണാകുളത്ത് വെച്ച് ക്രൂ ചേഞ്ച് നടത്തും. ഈ മാസം 22ന് ട്രയൽ റൺ നടത്തുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം.
രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ചത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ വന്ദേഭാരതിന് സാധിക്കും.
പൂർണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമുണ്ടാകില്ല എന്നതൊക്കെയാണ് വന്ദേഭാരതിന്റെ പ്രത്യേകത. എൽഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുൾപ്പെട്ടതാണ് വന്ദേഭാരത്.
മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നാണ് വിലയിരുത്തൽ.കേരളത്തിൽ വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏഴ് – ഏഴര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും.
501 കിലോമീറ്റർ ഏഴ് – ഏഴര മണിക്കൂർ കൊണ്ട് പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകളാണ് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറിയിരിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, വന്ദേഭാരത് കെ റെയിലിനു ബദലാവില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകൾ എന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മലയാളിയുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കേരളത്തിന് ദേശീയപാത 66 ന്റെ വികസനവും തീരദേശ പാതയും മലയോര പാതയും വലിയ ആശ്വാസമാണ്. സിൽവർ ലൈൻ പോലുള്ള പദ്ധതികൾ കേരളത്തിന് അനിവാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.
Post Your Comments