KeralaLatest News

എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്,  കണ്ടാല്‍ ആട്ടിയോടിക്കണമെന്ന് അസംബന്ധ പ്രചരണങ്ങള്‍- റിയാസ്

കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

കുറ്റക്കാർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ദൗർഭാഗ്യകരമായ സംഭവം എസ്.എഫ്.ഐക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള ലക്ഷ്യം ഇപ്പോള്‍ ആസന്നമായിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുക എന്നതാണ്. എന്നാല്‍ അതൊന്നും നടക്കില്ല.

എസ്.എഫ്.ഐയില്‍ പ്രവർത്തിക്കുന്ന ആളെ കണ്ടാല്‍ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചാരണങ്ങള്‍ അല്ലേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തുന്നത്. ഇതൊക്കെ ശരിയാണോ?, മുഹമ്മദ് റിയാസ് ആരാഞ്ഞു. പക്ഷേ അതിനെയൊക്കെ മറിക്കടന്ന് എസ്.എഫ്.ഐ. കാമ്പസുകളില്‍ വിജയിച്ചു വരുന്നത് അവർ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് മത-വർഗീയ ശക്തികള്‍ക്ക് കടന്നു വരാൻ സാധിക്കുന്നില്ല. ഇതിനു തടസം എസ്.എഫ്.ഐ. ആണ്. അതു കൊണ്ട് എസ്.എഫ്.ഐയെ തകർക്കണം എന്നതാണ് ദീർഘകാലത്തേക്കുള്ള ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കലാലയങ്ങളില്‍ തെറ്റായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ എസ്‌എഫ്‌ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതില്‍ വ്യത്യസ്ത നിലപാട് എടുക്കുന്നവർക്കെതിരെ കർക്കശ നിലപാടാണ് എസ്‌എഫ്‌ഐ എടുക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇടുക്കിയില്‍ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ ഈ നിലപാടല്ല ചിലർ എടുത്തത്. എസ്‌എഫ്‌ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് സൂചന നല്‍കി. മർദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button