ഷാർജ: ഒരു കുടുംബം മികച്ച രീതിയിൽ മുമ്പോട്ട് പോകാൻ സാമ്പത്തികം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഭർത്താവിനൊപ്പം ഭാര്യയും കൂടി ജോലി നോക്കിയില്ലെങ്കിൽ ഇന്നത്തെക്കാലത്ത് കുടുംബ ബജറ്റ് അവതാളത്തിലാകും. പക്ഷേ, ഭാര്യ സ്ഥിരമായി ജോലിയ്ക്കിറങ്ങുമ്പോൾ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണ്ണത കിട്ടില്ലെന്നും ചിലർ പറയുന്നുണ്ട്. എന്നാൽ വീട്ടമ്മയുടെ ജോലിയിലൂടെ കാർ സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ഫിജി.
ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സുധീറിന്റെ ഭാര്യയാണ് ഫിജി. സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയുടെ പ്രഖ്യാപനമാണ് ഫിജിയ്ക്ക് അതിന് സാമ്പത്തികമായ കരുത്തു നൽകിയത്. വീട്ടമ്മ എന്ന നിലയിൽ തനിക്ക് കിട്ടുന്ന ശമ്പളം ഉപയോഗിച്ച് ഒരു കാർ ബുക്ക് ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് ഇപ്പോൾ അവർ. കുട്ടികളെ സ്കൂളിൽ വിടുന്നത് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ, ആരെയും ആശ്രയിക്കാതെ ചെയ്യാൻ സാധിക്കുന്നു എന്നത് വളരെ അഭിമാനാർഹമായ നേട്ടമാണെന്ന് ഫിജി പറയുന്നു.
read also: താരദമ്പതികൾ വേർപിരിയുന്നു ? രാത്രി വീട്ടില് വച്ച് മര്ദ്ദിച്ചുവെന്ന് നടിയുടെ പരാതി, നടൻ അറസ്റ്റിൽ
“സ്വന്തമായി പുറത്തുപോയി ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളം കൊണ്ട് ഒരു കാർ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ കുട്ടികൾ ചെറുതായതിനാൽ വീട്ടിൽനിന്നും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു. അപ്പോഴാണ് മൂന്ന് മാസം മുൻപ് ഇങ്ങനെയൊരു പ്രഖ്യാപനം വന്നത്. അന്നുമുതൽ ശമ്പളം ലഭിക്കുന്നുണ്ട്. അപ്പോഴാണ് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചത്. കാരണം, കൊറോണക്കാലം കൂടി ആയതിനാൽ പൊതുഗതാഗതത്തെ ആശ്രയിക്കാതെ കുട്ടികളെ സ്കൂളിൽ വിടുന്നത് ഉൾപ്പെടെയുള്ള ദൈനംദിന ജോലികൾ ചെയ്യാൻ ഈ വാഹനം ഒരുപാട് സഹായിക്കും. അത് മാത്രമല്ല, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്. യു എ ഇ യിലെ ഇലക്ട്രിക് കാറുകൾ. പ്രതിമാസം 2500 ദിർഹം ഇഎംഐ ആയി അടച്ചാൽ മതി. ഇലക്ട്രിക് ആയതിനാൽ ഇന്ധനം പരിപാലനം എന്നിവയ്ക്കുള്ള ചെലവുകളിൽ നിന്ന് ഏകദേശം 1000 ദിർഹത്തോളം ലാഭവും ലഭിക്കും. ഒപ്പം, ഇന്ധനമലിനീകരണം ഇല്ലാത്തതിനാൽ, നമ്മുടെ പരിസ്ഥിതിയ്ക്ക് ആഘാതം ഏൽപ്പിക്കാതെ അതിനെ ശുദ്ധവും സുരക്ഷിതവുമായി നിലനിർത്തുവാനും ഇലക്ട്രിക് കാറുകൾക്ക് കഴിയും” ഫിജി സുധീർ പറഞ്ഞു.
ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വളരെയധികം പ്രോത്സാഹനം നൽകുന്ന ഒന്നാണെന്ന അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപ്പേർ പങ്കുവെക്കുന്നുണ്ട്.
സ്ത്രീകൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കുന്ന ഒരു അന്തരീക്ഷം ഇന്ന് സമൂഹത്തിൽ കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. തൊഴിൽ രംഗത്തേയ്ക്കും വ്യവസായ രംഗത്തേയ്ക്കും കൂടുതൽ സ്ത്രീകൾ കടന്നുവരുന്നതിന്റെ ഫലമായി അവർക്കുണ്ടാവുന്ന ‘സാമ്പത്തിക സ്വാതന്ത്ര്യമാണ് ‘ ഇതിന് ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വീട്ടമ്മമാരുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഭർത്താവും ഭാര്യയും ഒരുമിച്ച് ജോലിക്ക് പോയാൽ കുടുംബാന്തരീക്ഷം താളം തെറ്റി പോകുമെന്ന ഭയത്താൽ വീട്ടമ്മയായി കഴിയുന്നവർ ഒരുപാടുണ്ട്.
കുടുംബത്തിലെ പ്രായമായ അച്ഛനമ്മമാരുടെ ക്ഷേമം മുതൽ വീട്ടിലെ കുഞ്ഞുങ്ങളുടെ പഠനത്തിനും മാനസികാരോഗ്യത്തിനും വേണ്ടി സ്വയം വീട്ടമ്മമാരായി മാറേണ്ടി വരുമ്പോൾ, അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. എന്നാൽ അത്തരത്തിൽ ഒരു വീട്ടമ്മ ആയിപ്പോയതിന്റെ പേരിൽ, നഷ്ടപ്പെട്ടുപോകുന്ന സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചു നൽകുകയാണ് ഈ പദ്ധതിയിലൂടെ ഏരീസ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വളരെയധികം പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ഇത് എന്നതിന് മറ്റ് ഉദാഹരണങ്ങൾ ആവശ്യമില്ലെന്ന് ഫിജിയുടെ സന്തോഷം പങ്കുവച്ചുകൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനെസ്സ് ഓഫീസർ ആയ നിവേദ്യ സോഹൻ റോയ് പറഞ്ഞു.
Post Your Comments