തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ച അഭിഭാഷക ഫസീല ഇബ്രാഹിമിനെ ലക്ഷദ്വീപ് പൊലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിഷയത്തില്‍ വിവിധ ചാനലുകളില്‍ സംസാരിച്ചതിന് തനിക്കെതിരെ പൊലീസ് അന്വേഷണം നടക്കുന്നതായി ലക്ഷദ്വീപ് സ്വദേശി കൂടിയായ ഫസീല ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ, ഫസീലയെ വിളിച്ചത് ഭീഷണിപ്പെടുത്താനല്ലെന്നും അവരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മിനിക്കോയ് സി.ഐ അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മിനികോയ് സ്വദേശിനിയാണെന്ന് അറിയില്ലായിരുന്നെന്നും അവർക്കെതിരെ അന്വേഷണത്തിനു നിർദേശം ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് തനിക്കെതിരെ അന്വേഷണം ആരംഭിച്ചെന്നായിരുന്നു ഫസീല പറഞ്ഞത്. ആദ്യം മിനിക്കോയ് സി.ഐ അക്ബര്‍ തന്റെ കുടുംബത്തിനെ ബന്ധപ്പെട്ടു. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്നാണ് സി.ഐ പിതാവിനോട് പറഞ്ഞതെന്നായിരുന്നു അഭിഭാഷകയുടെ വെളിപ്പെടുത്തൽ.
Post Your Comments