ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മരണസംഖ്യയിലും പ്രതിദിന കേസുകളിലും കുറവ് രേഖപ്പെടുത്തി. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയേക്കാൾ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2.80 കോടിയാളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.
ഓക്സിജൻ സിലിണ്ടറിനായുള്ള ആവശ്യം ഡൽഹി അടക്കമുള്ള നഗരങ്ങളിൽ കുറഞ്ഞതോടെ വ്യവസായങ്ങൾക്കുള്ള ഓക്സിജൻ വിലക്ക് കേന്ദ്രസർക്കാർ നീക്കുമെന്നാണ് സൂചന. കോവിഡ് വാക്സീനിൽ വിശദമായ പഠനം നടത്താനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്.
വാക്സിൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റാനാണ് സർക്കാരിൻ്റെ ആലോചന. ആഗസ്ത് വരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം.കൊവാക്സിൻ്റെ ഇടവേള നിലവിലുള്ളത് പോലെ തുടരുമെങ്കിലും കൊവിഷീൽഡ് ഒറ്റ ഡോസ് മതിയോയെന്ന് വിശദമായ പഠനത്തിൽ പരിശോധിക്കും. ഇതിനനുസരിച്ച് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. വ്യത്യസ്ത വാക്സീൻ ഡോസുകൾ നൽകുന്ന കാര്യവും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.
Post Your Comments