തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പൂര്‍ണപിന്തുണ നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞുവെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരു വനിതാ അംഗം തുടക്കമിട്ടു. സി.പി.എം നിയമസഭാ കക്ഷി വിപ്പും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജയാണ് പ്രമേയം അവതരിപ്പിച്ച് ചര്‍ച്ചക്ക് തുടക്കമിട്ടത്. നന്ദിപ്രമേയ ചര്‍ച്ച മൂന്നുദിവസം തുടരും. നിയമസഭയില്‍ നന്ദിപ്രമേയം ശൈലജ അവതരിപ്പിക്കുന്നതോടെ ഇതിന് വനിതയെ നിയോഗിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയായി സി.പി.എം മാറി.
Post Your Comments