കൊച്ചി: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു.
സംസ്ഥാനത്തും രാജ്യത്തും ലോകത്തും കൊവിഡ് കേസുകൾ കൂടി വരുകയാണ്. ദിനംപ്രതിഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപനശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന ജെ എൻ വൺ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആൾക്കൂട്ടങ്ങളിലേക്ക് മാസ്കുമായി പോവുക, പനി ലക്ഷണങ്ങൾ ഉള്ളവർ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് അകന്ന് നിൽക്കണം എന്നിവയാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്. നിലവിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്.
അതേസമയം, കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ ആണ്. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4 പേർക്ക് കോവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്. ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Post Your Comments