ലക്ഷദ്വീപ് വിഷയത്തിൽ സംസ്ഥാനം മുഴുവൻ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇടതുപക്ഷ അനുഭാവിയും ചാനൽ ചെയർമാനുമായ നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ കെ.എം ഷാജഹാൻ.
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ഭീകരവാദത്തെ തടയാൻ എന്നപേരിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ദ്വീപിലെ ജനങ്ങളുടെ അതിജീവനത്തെ ബാധിക്കുന്നതാണെന്നും, ഈ ഘട്ടത്തിൽ ദ്വീപിൽ മാത്രമല്ല കേരളത്തിലും പ്രതിഷേധങ്ങൾ ശക്തമാകുകയാണെന്നും കെ.എം ഷാജഹാൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അഭിപ്രായം രേഖപ്പെടുത്തിയ ഈ വിഷയത്തിൽ നടൻ പൃഥ്വിരാജ് അഭിപ്രായം പറയുകയും സംഘപരിവാർ ശക്തികളുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തതായി ഷാജഹാൻ വ്യക്തമാക്കി. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെയുള്ളവർ പൃഥ്വിരാജിന് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് വന്നപ്പോൾ ഇടത് അനുകൂലിയും പതിറ്റാണ്ടുകളായി ഇടത്പക്ഷത്തിന്റെ ചാനൽ ചെയർമാനുമായ മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും ഷാജഹാൻ പറയുന്നു.
ലക്ഷദ്വീപിലെ ജനങ്ങളുടെ അതിജീവന പ്രശ്നത്തിൽ അഭിപ്രായം പറയാതെ മമ്മൂട്ടി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും, കേരളത്തിലെ ഇടത്പക്ഷ പ്രവർത്തകരും, കേരള ജനത ഒന്നാകെയും ഈ വിഷയത്തിൽ മമ്മൂട്ടിയുടെ അഭിപ്രായത്തിന് കാത്തിരിക്കുകയാണെന്നും, ഷാജഹാൻ പറഞ്ഞു.
Post Your Comments