ബീജിംഗ്: കോവിഡ് വൈറസിന്റെ ഉത്ഭവ സ്ഥാനത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നു. ചൈനയിലെ വുഹാനില്‍ നിന്നാണ് കോവിഡ് പുറത്തുചാടിയത് എന്ന നിഗമനത്തില്‍ അമേരിക്ക ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ അമേരിക്ക അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് തിരിച്ചടിച്ച് ചൈനയും രംഗത്തെത്തി.
Also Read: കൊറോണ ദുരിതാശ്വാസ ഫണ്ടായി എല്ലാ കാർഡ് ഉടമകൾക്കും 3,000 രൂപവീതം നൽകി പുതുച്ചേരി എൻഡിഎ സർക്കാർ
കോവിഡിന്റെ ഉത്ഭവത്തില്‍ വുഹാന്‍ ലാബിന്റെ സാധ്യതയടക്കം അന്വേഷണത്തിന് വിധേയമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വുഹാനിലല്ല അന്വേഷണം നടത്തേണ്ടതെന്നും അമേരിക്കയിലെ ലാബുകളിലാണ് അന്വേഷണം വേണ്ടതെന്നും ചൈന പ്രതികരിച്ചു.
ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ അപമാനിക്കുന്ന തരത്തിലാണ് അമേരിക്ക പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പ്രതികരിച്ചു. കോവിഡിനെതിരെ ലോകരാജ്യങ്ങളുടെ ഒറ്റക്കെട്ടായ പോരാട്ടത്തെ പിന്നോട്ടടിക്കുന്ന പരാമര്‍ശങ്ങളാണ് അമേരിക്കയില്‍ നിന്നും ഉണ്ടാകുന്നത്. അമേരിക്കയ്ക്ക് സുതാര്യത ആവശ്യമാണെങ്കില്‍ ആദ്യം ഫോര്‍ട്ട് ഡെട്രിക് സൈനിക താവളവും മുഴുവന്‍ ബയോ ലാബുകളും പരിശോധന നടത്താനായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന് പിന്നാലെയാണ് വുഹാന്‍ ലാബ് വീണ്ടും ചര്‍ച്ചാ വിഷയമായത്. കോവിഡ് മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് ചൈനയിലെ വുഹാനില്‍ മൂന്ന് ശാസ്ത്രജ്ഞര്‍ കോവിഡിന് സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു എന്ന റിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്തുവന്നത്. ഇതോടെ കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ വീണ്ടും ശക്തിപ്പെട്ടു. ഇതിന് പിന്നാലെ അമേരിക്ക ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടിയതോടെയാണ് വുഹാനെ സംരക്ഷിച്ച് ചൈന രംഗത്തെത്തിയത്.
Post Your Comments