ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് അതീതീവ്ര ചുഴലിക്കാറ്റായി ബുധനാഴ്ച്ച തീരം തൊടുമെന്ന് കാലവസ്ഥാ നിരീക്ഷകർ. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സ്വീകരിച്ചിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതലയോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനും തീരങ്ങളിലെ ഓക്‌സിജൻ പ്ലാന്റുകളുടെ സുരക്ഷയ്ക്കും ഊന്നൽ നൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അന്തമാൻ നിക്കോബാർ ലഫ്.ഗവർണറും യോഗത്തിൽ പങ്കെടുത്തു.
അടുത്ത പന്ത്രണ്ട് മണിക്കൂറിൽ തീവ്രചുഴലിക്കാറ്റാകുന്ന യാസ് പിന്നീട് അതിതീവ്രചുഴലിക്കാറ്റായി പാരാദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗതയിൽ കരതൊടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഡീഷയിൽ തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments