കൊല്ലം: കേരളാ പോലീസിലെ ഇസ്ലാമിക ഭീകരവാദ ശക്തികളുടെ സ്വാധീനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്.
സംസ്ഥാന പോലീസിലെ ഡിവൈഎസ്പിക്ക് യുപിയില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളുമായിട്ടുള്ള ബന്ധം തെളിയിക്കുന്നത് കേരളാ പോലീസിന്റെ ഇന്റലിജന്‍സ് സംവിധാനത്തില്‍ വരെ തീവ്രവാദികളുടെ സ്വാധീനമാണ്. അത്തരം ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സ്ഥലംമാറ്റുന്നതിന് പകരം സര്‍വീസില്‍ നിന്ന് പുറത്താക്കി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്.
പോലീസില്‍ രൂപം കൊണ്ട ‘പച്ചവെളിച്ചം’ എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് തീവ്രവാദ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പാണെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. ഇതിന് നേതൃത്വം നല്‍കുന്നതില്‍ ആരോപണവിധേയനായ ഡിവൈഎസ്പി മുഖ്യപങ്ക് വഹിച്ചുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളാ പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഇത്തരക്കാര്‍ ഉള്ളതുകൊണ്ട് രഹസ്യങ്ങള്‍ ഭീകരവാദികള്‍ക്ക് ചോര്‍ന്നു കിട്ടുകയാണ്. ഇതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് തീവ്രവാദികളുടെ ഒളിത്താവളമാക്കരുതെന്നും ശക്തമായ അന്വേഷണം നടത്തി മുഴുവന്‍ പച്ചവെളിച്ചം ഗ്രൂപ്പുകാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി, ജില്ലാ ഭാരവാഹികളായ പി. ശശിധരന്‍പിള്ള, രമേശ്ബാബു, നാരായണന്‍നായര്‍, അഡ്വ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments