ചങ്ങനാശേരി: സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം കൃഷി ചെയ്ത മീന്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. ചങ്ങനാശേരി വില്ലേജ് ഓഫീസ് പരിധിയില്‍ പായിപ്പാട് കൃഷിഭവനു കീഴില്‍ എട്ട്യാകരി 167 ഏക്കര്‍ പാടശേഖരത്തിലും കോമങ്കേരി പാടത്ത് 13 ഏക്കറിലും കൃഷ് ചെയ്ത മീനാണ് ഒഴുകിപ്പോയത്.
അഞ്ചുമാസം പ്രായമായ രോഹു, കട്‌ല മീനുകളാണ് കൃഷി ചെയ്തിരുന്നത്.
എട്ട്യാകരി പാടശേഖരത്തില്‍ മൂന്നു ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ജൂണില്‍ വിളവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. പെട്ടെന്നുള്ള മഴയും ലോക്ക്ഡൗണ്‍ ആയതിനാല്‍ മീന്‍ പിടിക്കാന്‍ വല അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാതെ വന്നു. ഇതാണ് ഭീമമായ തോതില്‍ മീന്‍ ഒഴുകിപ്പോവാന്‍ ഇടയാക്കിയത്. റോഡിനോടു ചേര്‍ന്നുള്ള പാടശേഖരമാണിത്. റോഡില്‍ തന്നെ മുട്ടിനു മുകളില്‍ വെള്ളം കയറിയതായും കര്‍ഷകര്‍ പറഞ്ഞു.
120 ഓളം കര്‍ഷകര്‍ ചേര്‍ന്നാണ് 167 ഏക്കര്‍ പാടശേഖരത്തില്‍ കൃഷി ഇറക്കിയത്. 15 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായിട്ടുള്ളതായി എട്ട്യാകരി പാടശേഖര സെക്രട്ടറി ജോജി ജേക്കബ് പറഞ്ഞു. 13 ഏക്കര്‍ കോമങ്കേരി പാടശേഖരത്തില്‍ ഏഴ് പേര്‍ ചേര്‍ന്നാണ് കൃഷി ഇറക്കിയത്. ഒരേ കാലയളവില്‍ ഇറക്കിയ കൃഷിയാണിത്. രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇവിടെ കൃഷി ഇറക്കിയ കര്‍ഷകര്‍ക്കും ഉണ്ടായിട്ടുണ്ട്.
Post Your Comments