ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായി തുടരുമ്പോഴും പൊതുജനങ്ങളിൽ 50 ശതമാനം പേർ മാസ്ക് ധരിക്കുന്നില്ലെന്ന് പഠനം. മാസ്ക് ധരിക്കുന്ന 50 ശതമാനം പേരിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നത് 14 ശതമാനം മാത്രമാണെന്നും പഠനത്തിൽ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട പഠനത്തിലെ കണ്ടെത്തലുകളിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രാഥമികമായ മാർഗ നിർദേശങ്ങൾ പോലും ഭൂരിഭാഗം പേരും ലംഘിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കണക്കുകൾ പ്രകാരം 100 പേരിൽ ഏഴുപേർ മാത്രമാണ് ശരിയായ രീതിയിൽ കൃത്യമായി മാക്സ് ധരിക്കുന്നത്. മറ്റുള്ളവർ താടിയും വായും മറച്ചുമാത്രമേ മാസ്ക് ധരിക്കാറുള്ളൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിക്കുന്ന അലംഭാവമാണ് രാജ്യത്തെ വൈറസ് ബാധയ്ക്കുള്ള പ്രധാന കാരണം. സാമൂഹിക അകലം പാലിക്കാത്ത രോഗബാധിതനായ ഒരാൾക്ക് ഒരു മാസത്തിനുള്ളിൽ 406 പേർക്ക് രോഗം പകർന്നുനൽകാനാകും. 2000 പേരിൽ 25 ദിവസം നടത്തിയ പഠനത്തിൽനിന്നാണ് പുതിയ കണ്ടെത്തലുകൾ ഉണ്ടായത്. രോഗവ്യാപനം തടയാൻ ജനങ്ങൾ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.
Post Your Comments