തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും വിജയിച്ചുവരുന്ന എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അത്യപൂര്‍വമാണ്. ചിലര്‍ അബദ്ധത്തില്‍ പ്രതിജ്ഞ ചെയ്യുന്നതൊഴിച്ചാല്‍ പൊതുവെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദൈവനാമത്തിലുള്ള പ്രതിജ്ഞ അനുവദിക്കാറില്ല. ന്നാല് പതിവിന് വിപരീതമായി പത്തനംതിട്ടയില്‍ നിന്നും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വിജയിച്ചു വന്ന വീണാ ജോര്‍ജ് ഇത്തവണ ആരോഗ്യമന്ത്രിയായി പ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്.
എന്നാൽ പാർട്ടി ഇതിൽ നിശബ്ദത പാലിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ എന്നാൽ സ്ഥിതി ഇങ്ങനെ ആയിരുന്നില്ല, പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നത് ഒരിക്കലും സിപിഎം അനുവദിച്ചിരുന്നില്ല. ഓര്‍ത്തഡോക്സ് സഭയുടെ നോമിനി ആയിട്ടുള്ള വീണാ ജോര്‍ജിനെ ശാസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സിപിഎമ്മെന്നാണ് സോഷ്യൽ മീഡിയ വിമർശനങ്ങൾ.
വീണാ ജോര്‍ജിനെ ശാസിച്ച് സഭയുടെ അതൃപ്തി വരുത്തി വയ്ക്കാന്‍ സിപിഎം ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടാതെ പാര്‍ട്ടിതല നടപടിയെടുക്കാന്‍ വീണ പാര്‍ട്ടി അംഗമല്ലെന്നതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. 2006 ല്‍ കന്നി അംഗങ്ങളായി വന്ന കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാപോറ്റിയും കുന്നത്തുനാട് എംഎല്‍എ ആയിരുന്ന അഡ്വ. എംഎം മോനായിയും അബദ്ധത്തിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ തുടക്കക്കാരായിട്ടും ഇത് പൊറുക്കാൻ പാർട്ടി തയാറായിരുന്നില്ല.
2006 നവംബര്‍ 4, 5 തീയതികളില്‍ എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാനക്കമ്മിറ്റിയോഗം വിശ്വാസികളായ ഇരുഎംഎല്എമാരെയും നിശിതമായി വിമര്‍ശിച്ചു.ആ ഒറ്റതവണത്തേതിന് ശേഷം മോനായി പിന്നെ നിയമസഭാ അങ്കണം കണ്ടിട്ടില്ല. കുന്നത്തുനാട് സംവരണ മണ്ഡലമായപ്പോള്‍ സീറ്റ് നഷ്ടപ്പെട്ട മോനായിക്ക് മറ്റ് മണ്ഡലങ്ങള്‍ നല്‍കാനോ പാര്‍ട്ടിതലത്തില്‍ മറ്റെവിടെയെങ്കിലും സ്ഥാനം നല്‍കാനോ സിപിഎം തയ്യാറായില്ല. പാര്‍ട്ടി അവഗണനയില്‍ മനംനൊന്ത് 2012 ന് ശേഷം മോനായി പാര്‍ട്ടി അംഗത്വം പുതുക്കിയതുമില്ല.
പാര്‍ട്ടിക്ക് ഒരുപാട് സംഭാവനകള്‍ നല്കിയ അഡ്വ. എംഎം മോനായിയോടും ഐഷാ പോറ്റിയോടും ക്ഷമിക്കാന്‍ തയ്യാറാകാത്ത സിപിഎം വീണാ ജോര്‍ജിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങാന്‍ കാരണം ക്രിസ്ത്യന്‍ സഭകളോടുള്ള ഭയമാണോ അതോ മാറിയ കാലത്ത് ദൈവവിശ്വാസത്തിന്റെ വിഷയത്തിലുണ്ടായ പുനര്വിചിന്തനമാണോ എന്നാണ് പാര്‍ട്ടി അനുഭാവികളും എതിരാളികളും സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
Post Your Comments