തിരുവനന്തപുരം: കേരളത്തിൽ അതിവേഗ കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണം ജനിതക മാറ്റം സംഭവിച്ച കോവിഡ് ബി.1.617.2 വകഭേദമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തിൽ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ജനിതകമാറ്റം വന്ന വൈറസ് വകഭേദമാണ് കേരളത്തിൽ കൂടുതൽ കാണപ്പെടുന്നതെന്നും, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ വൈറസ് വ്യാപനം നടന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ബി.1.617.2 വകഭേദം വളരെ വ്യാപകമാണെന്ന് പഠനങ്ങളില്‍ വ്യക്തമായതായും, രോഗം ബാധിക്കുന്നവരിൽ 90 ശതമാനത്തിനു മുകളിൽ ഈ വൈറസ് വകഭേദമാണ് രോഗം പടർത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ കോവിഡ് ബാധ ജനസംഖ്യയുടെ 11 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോൾ ജനസംഖ്യയുടെ 20 ശതമാനത്തിനു മുകളിൽ രോഗബാധയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
കേരളത്തിൽ അതിവേഗ രോഗവ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് അല്ലെന്നും ബി.1.617.2 വൈറസ് വകഭേദമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലാണ് ഈ വൈറസ് വകഭേദം ആദ്യം കണ്ടെത്തിയതെങ്കിലും മഹാരാഷ്ട്രയിലാണ് വേഗം പടർന്നു പിടിച്ചത്. കേരളത്തിലേക്കുള്ള വൈറസ് വകഭേദത്തിന്റെ കടന്നുവരവ് മഹാരാഷ്ട്രയിൽനിന്നാണ് എന്നാണ് അനുമാനം. അതേസസമയം കോവിഡ് രോഗികളുടെ മരണം കൂടാൻ കാരണം ഈ വൈറസ് വകഭേദമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Post Your Comments