ന്യൂഡൽഹി: കോവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’. രോഗബാധയെ തടയുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടാനും മരണത്തിലേക്കും നയിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണം. ബ്ലാക്ക് ഫംഗസ് തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ചു അദ്ദേഹം വിശദമാക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗിക്കുന്നവർ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ബ്ലാക്ക് ഫംഗസ് രോഗബാധ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗുലേറിയ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Read Also: കോവിഡ് വാക്‌സിൻ മറിച്ചു വിറ്റു; ഡോക്ടർ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു
2002 ൽ സാർസ് പൊട്ടിപ്പുറപ്പെട്ട സമയത്തും മ്യൂക്കോമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അനിയന്ത്രിതമായ പ്രമേഹം മ്യൂക്കോമൈക്കോസിസിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. പ്രമേഹമുള്ളവരിലും കൊവിഡ് പോസിറ്റീവായവരിലും സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിനാൽ തന്നെ സ്റ്റിറോയ്ഡ് ദുരുപയോഗം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഗുലേരിയ നിർദ്ദേശിച്ചു.
Post Your Comments