ദുബായ്: വന്യമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബായ് പോലീസ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവും 5,00,000 ദിര്‍ഹം പിഴയും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ദുബായിലെ ഒരു വില്ലയിലുള്ള പൂന്തോട്ടത്തില്‍ കാഴ്ചയില്‍ പുലിയെപ്പോലെ തോന്നിക്കുന്ന ഒരു മൃഗത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ ഇടപെടല്‍.
സ്പ്രിംഗ്‌സ് 3ലെ ജനവാസ മേഖലയിലാണ് പുലിയെന്ന് തോന്നിക്കുന്ന മൃഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു. മൃഗത്തെ കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണെന്നും ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ദുബായ് പോലീസ് അറിയിച്ചു.
2017ല്‍ പാസാക്കിയ നിയമത്തിലാണ് വന്യമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും അടുത്ത് ഇടപഴകുന്നവര്‍ക്കുമെതിരെ നടപടി അനുശാസിക്കുന്നത്. വന്യമൃഗങ്ങളെ വളര്‍ത്തു മൃഗങ്ങളായി കാണാന്‍ കഴിയില്ലെന്നും പ്രവചനാതീതമായ പെരുമാറ്റം ഇവയില്‍ നിന്നുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് നിയമം ചൂണ്ടിക്കാട്ടുന്നത്. മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും സര്‍ക്കസുകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രമാണ് വന്യമൃഗങ്ങളെ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. വില്‍പ്പനയ്ക്കായി വന്യമൃഗങ്ങളെ സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
Post Your Comments