Latest NewsKeralaNews

കെ.കെ.ശൈലജ കൈകാര്യം ചെയ്ത വകുപ്പില്‍ അതേ മികവോടെ പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കാകും, കേരളക്കരയുടെ സംശയം ഉടനെ മാറും

വീണ ജോര്‍ജിനെ കുറിച്ച് ബെന്യാമിന്‍

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ചാവിഷയമായിരിക്കുന്നത് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ട വീണ ജോര്‍ജിനെ കുറിച്ചാണ്. കെ.കെ ശൈലജ അതിഗംഭീരമായി കൈകാര്യം ചെയ്ത വകുപ്പില്‍ അതേ മികവോടെ പ്രവര്‍ത്തിക്കുവാന്‍ പുതിയ മന്ത്രിക്കാകുമോ എന്നതാണ് പലരുടേയും സംശയം. എന്നാല്‍ 2018 ലെ കേരളം അതി ഭീകരമായ പ്രളയ കാലത്ത് സ്വന്തം മണ്ഡലത്തില്‍ എത്താന്‍ സാഹസികമായി ടിപ്പര്‍ ലോറിയില്‍ കയറിയ വീണയുടെ പ്രവര്‍ത്തിക്ക് സാക്ഷ്യം വഹിച്ച അനുഭവം ഓര്‍ത്തെടുക്കുകയാണ് സാഹിത്യകാരന്‍ ബെന്യാമിന്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

2018 ലെ മഹാപ്രളയ ദിവസം. ഞാനന്ന് അതികാലത്ത് തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്ക് ഓടിപ്പാഞ്ഞ് വരികയാണ്. തലേ രാത്രി അച്ചന്‍കോവില്‍ ആറ് കര കവിഞ്ഞ് ഒഴുകുന്നു എന്ന് വാര്‍ത്ത വന്നു. വീട്ടിനുള്ളില്‍ വെള്ളം കയറിയോ എന്ന് പേടിയുണ്ട്. പന്തളത്ത് എത്തിയപ്പോള്‍ ആറ് ഒഴുകുന്നത് ജംഗ്ഷനിലൂടെയാണ്. മുറിച്ചു കടക്കാന്‍ ഒരു നിര്‍വ്വഹവുമില്ല. അത്ര കുത്തൊഴുക്ക് ആണ്. എന്തു ചെയ്യണം എന്നറിയാതെ ആധി പൂണ്ട് നില്‍ക്കുമ്പോള്‍ അടുത്ത് ഒരു വണ്ടി കൂടി വന്നു നിന്നു. നോക്കുമ്പോള്‍ ആറന്മുള എം.എല്‍.എ. വീണ ജോര്‍ജ് ആണ്. സഹായത്തിനു സന്നദ്ധ പ്രവര്‍ത്തകര്‍ ഒന്നും എത്തിയിട്ടില്ല. അപ്പുറം കടക്കാന്‍ ഒരു വഴിയും കാണുന്നില്ല. ‘എനിക്ക് എത്രയും പെട്ടെന്ന് ആറന്മുള എത്തണം. അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരം ആണ്’ എന്ന് വീണ ആവലാതി പെട്ടുകൊണ്ടേ ഇരുന്നു.

അപ്പോള്‍ ആണ് ആ വഴി ഒരു ടിപ്പര്‍ ലോറി വരുന്നത്. ‘എന്നെ ഒന്ന് അപ്പുറം എത്തിക്കുമോ’ വീണ അവരോട് ചോദിച്ചു. നല്ല ഒഴുക്കാണ് എന്നാലും ശ്രമിക്കാം എന്ന് ഡ്രൈവര്‍. അവര്‍ ആ ലോറിക്കുള്ളിലേക്ക് വല്ല വിധേനയും വലിഞ്ഞു കയറി. ഡ്രൈവര്‍ വീണയെ അപ്പുറം എത്തിക്കുകയും ചെയ്തു. പിന്നെ വെള്ളം ഇറങ്ങുവോളം വീണ ആറന്മുളയിലെ സാധാരണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ സാമൂഹിക അടുക്കള എന്ന ആശയം ഉള്‍പ്പെടെ പ്രാവര്‍ത്തികം ആക്കിക്കൊണ്ട്. ചുമ്മാതെ അല്ല അവര്‍ കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറഞ്ഞ മനസോടെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് കെല്പുണ്ട്. അത് മനസിലാക്കി ആവണം ആരോഗ്യമന്ത്രി എന്ന വലിയ ചുമതല വീണയെ ഏല്‍പ്പിച്ചിട്ടുള്ളതും. ശൈലജ ടീച്ചറുടെ പിന്‍ഗാമി ആവുക എന്നത് വലിയ വെല്ലുവിളി തന്നെ ആണ്. പ്രത്യേകിച്ചും ഈ മഹാമാരിയുടെ കാലഘട്ടത്തില്‍. എന്നാല്‍ വീണയ്ക്ക് അത് സാധ്യമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അവര്‍ക്ക് സാധാരണക്കാരുടെ മനസ് തിരിച്ചറിയാന്‍ ഉള്ള മനസുണ്ട്. ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഉള്ള സന്നദ്ധത ഉണ്ട്. വെല്ലുവിളികളുടെ കാലഘട്ടത്തിലെ പുതിയ ആരോഗ്യവകുപ്പ് മന്ത്രിക്ക് ആശംസകള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button