കോവിഡ് ബാധിതർക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി,ഡി.സി.സി തുടങ്ങിയ സംവിധാനങ്ങൾസജ്ജമാക്കിയിട്ടുണ്ടെന്നും ഈ സംവിധാനം കൂടുതൽ വിപുലപ്പെടുത്താൻ ശ്രമിക്കണമെന്ന് കാട്ടിയുള്ള മാർഗനിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.
നഴ്സ്, ഡോക്ടർ തുടങ്ങിയവരാണ് സാധാരണ നിലയിൽ ഇത് കൈകാര്യം ചെയ്യാറുള്ളതെന്നും എന്നാൽ, ഇങ്ങനെ ഓക്സിജൻ സംഭരിച്ച് സജ്ജീകരിച്ചാലും അത് ഉപയോഗിക്കാൻ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ എല്ലായിടത്തും ലഭ്യമാക്കുക ബുദ്ധിമുട്ടായേക്കാമെന്നും സർക്കാർ പറയുന്നു. സാന്ത്വന ചികിത്സ നഴ്സ്, ഇതര പാരം മെഡിക്കൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ മുതലായവരെ പരിശീലിപ്പിച്ചുകൊണ്ട് ഈ ബുദ്ധിമുട്ട് പരിഹരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് സർക്കാർ മാർഗ്ഗനിര്ദേശത്തിൽ വ്യക്തമാക്കി.
ജോലികളിൽ നിന്നും വിരമിച്ചവരെയും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരെയും ഇതിനായി പരിഗണിക്കാവുന്നതാണ്. ഈ രീതിയിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ആവശ്യത്തിനു പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ആരോഗ്യ വിഭാഗം അവർക്ക് അടിയന്തരമായി പരിശീലനം നൽകാൻ വേണ്ട നടപടികൾ ചെയ്യണം. ആർക്ക് എപ്പോൾ ഓക്സിജൻ നൽകണം, എത്ര അളവിൽ, ഫ്ലോ റേറ്റ്, എത്ര നേരം, തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഡോക്ടർ തന്നെ ആയിരിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഓക്സിജൻ നല്കാൻ പാടുള്ളതല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments