തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരുക്കിയ വാർ റൂമിൽ ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സിയോട് സഹായം അഭ്യർത്ഥിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഓക്‌സിജൻ ടാങ്കറുകളിൽ സർവ്വീസ് നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ സേവനം അടുത്ത ദിവസം മുതൽ മുതൽ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഡ്രൈവർമാരുടെ സേവനം ഓക്‌സിജൻ ടാങ്കറിൽ ലഭ്യമാക്കുന്നതിനാണ് തീരുമാനം.
സന്നദ്ധ സേവനത്തിനായി താൽപര്യം അറിയിച്ച 450 ൽ അധികം പേരിൽ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 35 ഡ്രൈവർമാർക്കാണ് നാളെ പരിശീലനം നൽകുന്നത്. ഇതിന് ശേഷം കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെയ്ക്കുന്നതിനും, ഇവരെ അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഇവരുടെ സേവനം ഉപയോഗിക്കുന്നതിനുമാണ് തീരുമാനമെന്ന് സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി.
Post Your Comments