സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കുമെന്ന അവകാശ വാദം, ക്യൂബയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം എന്നിവ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി. പകരം 2-DG നിര്‍മ്മിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത്. നമ്മുടെ സ്വന്തം മരുന്നു നിര്‍മ്മാണ കമ്പനിയായ ആലപ്പുഴയിലെ K.S.D.P യുടെ വൈദഗ്ദ്ധ്യം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോവിഡിനുള്ള മരുന്ന് ഭാരതത്തിന്റെ പ്രതിരോധ ഗവേഷ സ്ഥാപനമായ DRDO വികസിപ്പിച്ചെടുത്തെന്ന വാര്‍ത്ത മാനവരാശി മുഴുവന്‍ ഏറെ ആശ്വാസത്തോടെയാണ് കേട്ടത്. 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് അഥവാ 2-DG നിര്‍മ്മിക്കാനും ഉപയോഗിക്കാനും എളുപ്പമാണ് എന്നതും
ഏറെ നിര്‍ണ്ണായകമാണ്. വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സങ്കീര്‍ണ്ണതയും സമയ ദൈര്‍ഘ്യവും 2-DG നിര്‍മ്മിക്കാന്‍ ഇല്ലാത്തതിനാല്‍ മരുന്നിന്റെ വിലയും കുറവായിരിക്കും. ഇതോടെ കോവിഡ് എന്ന മഹാമാരിയോട് നാം എത്രയും വേഗം വിട പറയുമെന്ന ആത്മവിശ്വാസം ലോകത്തിന് തന്നെ കൈ വന്നിരിക്കുകയാണ്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഏറെ ചെയ്യാനുണ്ട്. സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കുമെന്ന അവകാശ വാദം, ക്യൂബയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം എന്നിവ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണം. പകരം 2-DG നിര്‍മ്മിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത്. നമ്മുടെ സ്വന്തം മരുന്നു നിര്‍മ്മാണ കമ്പനിയായ ആലപ്പുഴയിലെ K.S.D.P യുടെ വൈദഗ്ദ്ധ്യം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തണം. ഇതിനായി കൂടുതല്‍ മുതല്‍ മുടക്കോ വലിയ നവീകരണ പ്രവര്‍ത്തനങ്ങളോ ആവശ്യമില്ല. ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നെ നിര്‍മ്മാണം തുടങ്ങാവുന്നതേ ഉള്ളൂ. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയുടെ നിയുക്ത എം.എല്‍.എ ശ്രീ പി.പി ചിത്തരഞ്ജന്‍, KSDP ചെയര്‍മാന്‍ ശ്രീ സി.ബി ചന്ദ്രബാബു എന്നിവര്‍ മുന്‍കൈ എടുക്കണം. നമ്മുടെ സംസ്ഥാനത്തിന് ലൈസന്‍സ് നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരുമായി അടിയന്തിരമായി ചര്‍ച്ച നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്യുന്നു.
Post Your Comments