ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സര്‍ക്കാറിന് വ്യക്തമായ വാക്‌സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്തെ അപകടാവസ്ഥയിലെത്തിച്ചതായി രാഹുല്‍ കുറ്റപ്പെടുത്തി. അടിയന്തരമായി പരിഗണിക്കേണ്ട നാല് കാര്യങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ജീനോം സ്വീക്കന്‍സിങ് നടത്തി വൈറസിന്റെ ജനിതകവ്യതിയാനം പഠനവിധേയമാക്കണം. ജനിതകവ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണോ എന്ന് വിലയിരുത്തണം. ഇത് സുതാര്യമായി ലോകത്തെ അറിയിക്കണം. രോഗബാധ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപക ലോക്ഡൗണ്‍ അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കോവിഡ് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും, വൈറസിനെ രാജ്യം അതിജീവിച്ചെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു. ഇപ്പോള്‍ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്‌ഫോടനാത്മകമായി. ഇത്തരമൊരു പ്രതിസന്ധിയില്‍ ഇവിടത്തെ ജനങ്ങള്‍ ആയിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്നും രാഹുൽ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments