COVID 19Latest NewsKeralaNattuvarthaNews

ലോക്ക്‌ഡൗൺ വേണം, ഇത്‌ കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ? അല്ലാത്ത പക്ഷം ചിലപ്പോൾ നമ്മളുണ്ടാവില്ല, ഡോ. ഷിംന അസീസ് പറയുന്നു

കുറച്ച്‌ ദിവസം വീടിനകത്തിരുന്ന്‌ ജനങ്ങൾ സഹകരിക്കണം. അനാവശ്യ കാരണങ്ങൾ കണ്ടെത്തി പുറത്തിറങ്ങരുത്‌. അഥവാ പുറത്തിറങ്ങുന്നുവെങ്കിൽ കോവിഡ്‌ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

തെരഞ്ഞെടുപ്പ് എന്ന്‌ പറഞ്ഞ്‌ ഇവിടെ കാട്ടിക്കൂട്ടിയതെല്ലാം രോഗം പടരാൻ കാരണമായിരുന്നിരിക്കണമെന്നും, അന്നത്തെ ആൾക്കൂട്ടങ്ങളോട്‌ ഒരിക്കലും യോജിക്കുന്നില്ലെന്നും ഡോ. ഷിംന അസീസ് പറയുന്നു. അതോടൊപ്പം നമ്മൾ കാണിച്ച്‌ പോന്ന “കോവിഡൊക്കെ കഴിഞ്ഞു, ഇനി തോന്നിയ പടി നടക്കാം” എന്ന ചിന്തയും മനോഭാവവും ചെയ്‌ത ദ്രോഹവും ചെറുതല്ലെന്നും അവർ കൂട്ടിച്ചേർത്തു. ലോക്ക്‌ഡൗൺ വേണമെന്നും അപ്പോ തൊഴിൽ, ജീവിതം? എന്നിങ്ങനെയുള്ള സംശയങ്ങൾക്ക്
അതിനെല്ലാം വഴിയുണ്ടാകും, ഇത്‌ കേരളമാണ് എന്നും ഷിംന പറയുന്നു.

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ലോക്ക്‌ ഡൗണാണ്‌ കേരളത്തിൽ. മെയ്‌ 8-16 വരെ. ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ്‌ ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌? ഇലക്ഷൻ സമയത്ത്‌ ഇതൊന്നും കണ്ടില്ലല്ലോ. ഇപ്പോൾ അടച്ചിച്ചിട്ട്‌ ഇനിയെന്താക്കാനാണ്‌? ഇത്‌ കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?ഉണ്ട്‌. ആ കാര്യങ്ങൾ രോഗപ്പകർച്ച കുറക്കുക എന്നത്‌ മാത്രമല്ല. വേറെ പലതുമാണ്‌. നമ്മുടെ കേരളത്തിലും വാതിൽക്കൽ വന്ന്‌ നിൽക്കുന്ന ആ ദുരന്തമുണ്ട്‌- ആശുപത്രി കിടക്കകൾ നിറയുന്നു, ഓക്‌സിജൻ ദൗർലഭ്യമുണ്ട്‌. എന്നിട്ടും രണ്ടറ്റം കൂട്ടി മുട്ടിച്ച്‌ പോകുന്നത് നമുക്ക് അത്ര നല്ലൊരു സിസ്‌റ്റമുള്ളത്‌ കൊണ്ട്‌ മാത്രമാണ്‌. പക്ഷേ, ഇപ്പോൾ ഈ നിമിഷം ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട്‌ ചികിത്സ കിട്ടാതെയും ശ്വാസം മുട്ടിയും ഇല്ലാതാകുന്നവരിൽ ഞാനോ നിങ്ങളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉണ്ടാകും.

ഭയപ്പെടുത്തലായിട്ട്‌ തോന്നുന്നുണ്ടോ? വെറും പറച്ചിലോ ഭീഷണിയോ ആയി തോന്നുന്നുണ്ടോ? രാഷ്‌ട്രീയം പറഞ്ഞ്‌ ആക്ഷേപിക്കാൻ തോന്നുന്നുണ്ടോ? അത്‌ സ്വന്തം വീടിനകത്തുള്ളവർക്ക്‌ രോഗം വരുന്നത്‌ വരെ മാത്രമുള്ള നെഗളിപ്പാണ്‌. അത്തരക്കാരോട്‌ കൂടിയാണിത്‌ പറയുന്നത്‌. തിരഞ്ഞെടുപ്പ് എന്ന്‌ പറഞ്ഞ്‌ ഇവിടെ കാട്ടിക്കൂട്ടിയതെല്ലാം രോഗം പടരാൻ കാരണമായിരുന്നിരിക്കണം. അന്നത്തെ ആൾക്കൂട്ടങ്ങളോട്‌ ഒരിക്കലും യോജിക്കുന്നില്ല. അതോടൊപ്പം നമ്മൾ കാണിച്ച്‌ പോന്ന “കോവിഡൊക്കെ കഴിഞ്ഞു, ഇനി തോന്നിയ പടി നടക്കാം” എന്ന ചിന്തയും മനോഭാവവും ചെയ്‌ത ദ്രോഹവും ചെറുതല്ല. അപ്പോൾ ഇനിയെന്ത്?

കുറച്ച്‌ ദിവസം വീടിനകത്തിരുന്ന്‌ ജനങ്ങൾ സഹകരിക്കണം. അനാവശ്യ കാരണങ്ങൾ കണ്ടെത്തി പുറത്തിറങ്ങരുത്‌. അഥവാ പുറത്തിറങ്ങുന്നുവെങ്കിൽ കോവിഡ്‌ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇതെല്ലാം കാറ്റിൽ പറത്തി വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ അതൊരു ക്രൈം ആണെന്നും ചതിക്കുന്നത്‌ അവനവനെ തന്നെയുമാണെന്നോർക്കണം. പോലീസോ മുൻനിരപ്പോരാളികളിൽ ആരും തന്നെയോ അവരുടെ ജോലി ചെയ്യുന്നതിന്‌ അസ്വസ്‌ഥരാവേണ്ട. അവർ പറയുന്നത്‌ നമുക്ക് വേണ്ടിയാണ്‌, അവരെ രക്ഷിക്കാൻ മാത്രമല്ല. ഇത്‌ വഴിയെല്ലാം തടയാനാവുന്ന കോവിഡ്‌ രോഗപ്പകർച്ച കൊണ്ട്‌ ആശുപത്രികളിലേക്ക്‌ വരുന്ന രോഗികളുടെ എണ്ണം കുറയും.

അങ്ങനെ ആരോഗ്യമേഖലക്ക്‌ രോഗികൾക്ക്‌ വേണ്ടി കുറച്ച്‌ കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ശ്രദ്ധയും കൊടുക്കാനാകും. ഇത്തവണത്തെ കോവിഡ്‌ ആഞ്ഞ്‌ വീശി വരുത്തുന്ന നഷ്‌ടങ്ങൾ സാധിക്കുന്നത്ര കുറയ്‌ക്കാനാകും. ഇപ്പോൾ നമ്മുടേതായവർ പൊഴിയുന്നത്‌ ഒഴിവാക്കാനാണ്‌ ഈ അടച്ചിടൽ. ഇപ്പോൾ ചെയ്‌തില്ലെങ്കിൽ ഇനിയൊരിക്കലും ബാക്കിയില്ലാത്ത വിധം നമ്മളെ നശിപ്പിച്ചേക്കാവുന്ന ആസന്നദുരന്തം മുറ്റത്ത്‌ വന്ന്‌ നിൽപ്പുണ്ട്‌. അകത്ത്‌ കയറ്റിയിരുത്തണോ കല്ലെടുത്തെറിഞ്ഞോടിക്കണോ എന്ന്‌ തീരുമാനിക്കേണ്ട നേരമാണ്‌.
ലോക്ക്‌ഡൗൺ വേണം. അപ്പോ തൊഴിൽ, ജീവിതം? അതിനെല്ലാം വഴിയുണ്ടാകും, ഇത്‌ കേരളമാണ്‌. അല്ലാത്ത പക്ഷം ചിലപ്പോൾ നമ്മളുണ്ടാവില്ല. ചിത്രമെഴുതാൻ ചുമരില്ലാത്തിടത്തോളം ചായത്തിന്‌ പ്രസക്‌തിയില്ലല്ലോ

shortlink

Related Articles

Post Your Comments

Related Articles


Back to top button