നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് നിര്‍മ്മിത റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 21 ടണ്‍ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അതു കൃത്യമായി പതിക്കുന്ന സ്ഥലവും സമയവും എവിടെയാണെന്ന് നിര്‍ണയിക്കാന്‍ ഇതുവരെയും ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മാത്രമേ ഇതിന്റെ ഗതി കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയൂവെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട തങ്ങളുടെ റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നതിനെക്കുറിച്ച് ചൈനയക്ക് അറിയാമെങ്കിലും അതു സമുദ്രത്തിലേ വീഴുവെന്നാണ് അവരുടെ നിലപാട്.
ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച (മെയ് 8) ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാരാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതിനോടകം നല്‍കി കഴിഞ്ഞു. യുഎസ് പ്രതിരോധ വകുപ്പ് വക്താവ് മൈക്ക് ഹോവാര്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രവേശിക്കുന്ന തീയതി വെളിപ്പെടുത്തിയെങ്കിലും നിലവില്‍ മറ്റൊന്നും നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൊക്കേഷനെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റുകള്‍ സ്‌പേസ് ട്രാക്കില്‍ പോസ്റ്റുചെയ്യുന്നുണ്ട്. കൂടാതെ ‘ലഭ്യമാകുമ്ബോള്‍’ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നു ഹാര്‍വാര്‍ഡ് സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡൊവല്‍ പറഞ്ഞു.
100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് ബോഡി സാറ്റലൈറ്റ് ട്രാക്കറുകള്‍ കണ്ടെത്തിയിട്ടുണ്ട്, ഇപ്പോള്‍ ‘2021-035 ബി’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത് സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഭൂമിയെ ചുറ്റാന്‍ കഴിയുന്നത്ര വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ കഴിഞ്ഞയാഴ്ച ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് റോക്കറ്റ് 5 ബി ചൈന വിക്ഷേപിച്ചത്.
Post Your Comments