KeralaLatest NewsNews

കണ്ണൂരിലെ ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കെ.സി.കണ്ണൻ അന്തരിച്ചു, അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

അടിയന്തരാവസ്ഥ കാലത്ത് 1975 ജൂലായ് 2ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു

കണ്ണൂർ:  പ്രമുഖ ബിജെപി നേതാവ് തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ കെ.സി.കണ്ണൻ അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിരുന്ന നെയ്ത്ത് തൊഴിലാളിയായിരുന്ന കണ്ണന്റെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയാണ് കണ്ണൂരിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ വളർന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

” കണ്ണേട്ടന് പ്രണാമം
കണ്ണൂരിലെ ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന കണ്ണേട്ടനും വിട പറ‍ഞ്ഞു.
ഭാരതീയ ജനസംഘത്തിൻ്റെ കണ്ണൂർ ജില്ലാ സംഘടനാ കാര്യദർശിയും ബിജെപിയുടെ വിവിധ ചുമതലകൾ വഹിച്ച വ്യക്തിയുമായ തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ കെ.സി.കണ്ണൻ (90) എന്ന കണ്ണേട്ടന്റെ ദേഹവിയോ​ഗം ജില്ലയിലെ സംഘപരിവാർ പ്രവർത്തകർക്ക് നികത്താനാവാത്ത നഷ്ടമാണ്. അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിരുന്ന നെയ്ത്ത് തൊഴിലാളിയായിരുന്ന കണ്ണേട്ടൻ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയാണ് കണ്ണൂരിൽ സംഘപരിവാർ പ്രസ്ഥാനങ്ങളെ വളർത്തിയത്.

read also:അയ്യപ്പന്റെ ചിത്രം പ്രൊഫൈലാക്കിയ ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിന്‍

അടിയന്തരാവസ്ഥ കാലത്ത് 1975 ജൂലായ് 2ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജനസംഘം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കോഴിക്കോട് കല്ലായ് റോഡിലെ കാര്യാലയത്തിൽ വച്ചായിരുന്നു അറസ്റ്റ്. 4 മാസം കോഴിക്കോട് ജില്ലാ ജയിലിൽ കഴിയേണ്ടിവന്ന അദ്ദേഹത്തിന് കൊടിയ പീഡനം ഏൽക്കേണ്ടി വന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമരം, ഏക ഭക്ഷ്യമേഖലാ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള തലപ്പാടി ചെക്ക് പോസ്റ്റ് തകർക്കൽ സമരം, മാർക്സിസ്റ്റ് അക്രമ വിരുദ്ധ സമരം എന്നിവയിലൊക്കെ അദ്ദേഹത്തിൻ്റെ നേതൃത്വം ഉണ്ടായിരുന്നു.

1977 ൽ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ ആദ്യത്തെ ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന കണ്ണേട്ടൻ 1980 ൽ ബിജെപി രൂപീകൃതമായതു മുതൽ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു. സ്ഥാനമാനങ്ങളിലോ മറ്റ് നേട്ടങ്ങളിലൊ ഒന്നും ആകൃഷ്ടനാകാത്ത അച്ചടക്കമുള്ള സംഘടനാ പ്രവർത്തകനായിരുന്നു അദ്ദേഹം. 1990 ൽ ബിജെപി സംസ്ഥാന ഹാൻ്റ്ലൂം സെല്ലിൻ്റെ കൺവീനറായി. 1990 ൽ തളിപ്പറമ്പ് ഡിവിഷനിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് മത്സരിക്കുകയും ചെയ്തു.

തളിപ്പറമ്പ് അർബൻ ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ് വീവേഴ്സ് സൊസൈറ്റി പ്രസിഡൻ്റ്, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി, തൃഛംബരം വിവേകാനന്ദാ സ്കൂൾ സെക്രട്ടറി, പത്മശാലിയ സംഘം പ്രസിഡൻ്റ് തുടങ്ങി പൊതു സമൂഹത്തിലെ നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു. പൂരക്കളി, കൊൽക്കളി, തെയ്യം, നാടകം തുടങ്ങിയ കലകളിലും വൈദഗ്ധ്യമുണ്ടായിരുന്നു. 6 വർഷം മുമ്പ് സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് സർവ്വ മംഗള പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. കണ്ണേട്ടന്റെ വിയോ​ഗത്തിൽ അങ്ങേയറ്റം ദുഖിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കുവാൻ പ്രാർത്ഥിക്കയും ചെയ്യുന്നു.” സോഷ്യൽ മീഡിയയിൽ കെ സുരേന്ദ്രൻ കുറിച്ചു

https://www.facebook.com/KSurendranOfficial/posts/3984262864991653

shortlink

Related Articles

Post Your Comments

Related Articles


Back to top button