ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് ചൈന. കോവിഡിനെതിരെ പോരാടാന്‍ എല്ലാ സഹയവും ഉറപ്പുനല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം അയച്ചു.
പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ഇന്ത്യയുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും കോവിഡിന്റെ പുതിയ വ്യാപനത്തെ നേരിടാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ഷി ജിന്‍ പിങ് അറിയിച്ചു. അടുത്തിടെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കോവിഡ് മനുഷ്യകുലത്തിന്റെ ശത്രുവാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും വാങ് യി അറിയിച്ചിരുന്നു.
കോവിഡ് വൈറസിന്റെ ഉത്ഭവ സ്ഥാനം ചൈനയിലാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കെ ചീത്തപ്പേര് മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് ചൈന. ഇതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷങ്ങളും ആഗോളതലത്തില്‍ ചൈനയുടെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്.
Post Your Comments