അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുട്ടുകുത്തിച്ച് പഞ്ചാബ് കിംഗ്‌സ്. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിറങ്ങിയ ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സൂപ്പര്‍ താരങ്ങള്‍ നിറം മങ്ങിയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.
ദേവ്ദത്ത് പടിക്കല്‍ 6 റണ്‍സുമായി തുടക്കത്തില്‍ തന്നെ മടങ്ങി. ഒരറ്റത്ത് നായകന്‍ വിരാട് കോഹ്‌ലി(35) ഉറച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. അപകടകാരിയായ ഗ്ലെന്‍ മാക്‌സ് വെല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെയെത്തിയ എബി ഡിവില്യേഴ്‌സ് 3 റണ്‍സുമായി മടങ്ങിയതോടെ മത്സരത്തില്‍ പഞ്ചാബിന് മേല്‍ക്കൈ ലഭിച്ചു. പിന്നീട് ക്രീസിലെത്തിയവരെല്ലാം നിലയുറപ്പിക്കാനാകാതെ മടങ്ങിയതോടെ പഞ്ചാബ് മത്സരം വരുതിയിലാക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ 13 പന്തില്‍ 31 റണ്‍സ് നേടിയ ഹര്‍ഷല്‍ പട്ടേലിന്റെ പോരാട്ടം മാത്രമാണ് ആര്‍സിബിയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.
പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബാര്‍ 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി. രവി ബിഷ്‌നോയി രണ്ടും റിലേയ് മെറെഡിത്, മൊഹമ്മദ് ഷമി, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള അവസരം ബാംഗ്ലൂരിന് നഷ്ടമായി. നില മെച്ചപ്പെടുത്തിയ പഞ്ചാബ് അഞ്ചാം സ്ഥാനത്ത് എത്തി.
Post Your Comments