കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷാജി കൈലാസ് തന്നെയാണ് ഈ വിവരം അറിയിച്ചത്.
‘നമ്മുടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘കടുവ’ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ഞങ്ങള്‍ ചിത്രീകരണം പുനരാരംഭിക്കും. Stay safe… Stay Healthy…’ ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ മാസം 16നാണ് കടുവയുടെ ചിത്രീകരണം ആരംഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സായ്കുമാര്‍, സിദ്ദിഖ്, ജനാര്‍ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരും ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
Post Your Comments