ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിസന്ധി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും ചര്‍ച്ച. ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ബൈഡനുമായി വളരെ ഫലപ്രദമായ ചര്‍ച്ച നടത്തിയെന്നും ഇരുരാജ്യങ്ങളിലെയും കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്തെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ അറിയിച്ചു. ഇന്ത്യയുടെ അടിയന്തര അവശ്യങ്ങള്‍ക്ക് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്‌തെന്നാണ് ചര്‍ച്ചയ്ക്കു ശേഷം ബൈഡന്‍ പറഞ്ഞത്. കോവിഡിനെതിരായ യുദ്ധത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ഇന്ത്യ നമുക്കൊപ്പം ഉണ്ടായിരുന്നു, നമ്മളും അവര്‍ക്കാപ്പമുണ്ടാകും.നേരത്തെ കോവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയ്ക്ക് അമേരിക്ക സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് ഇന്നലെ ബൈഡന്‍ ഉറപ്പുനല്‍കി. ഇതിനുപിന്നാലെ അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. നേരത്തെ ഇന്ത്യ അമേരിക്കയെ സഹായിച്ചതും ബൈഡൻ ഓർത്തു.
Post Your Comments