തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ വൻ തിക്കും തിരക്കുമുണ്ടാകാൻ കാരണം വാക്സിൻ തീർന്നുപോകുമോ എന്ന ആശങ്ക. ആരോഗ്യസേതു, കൊവിൻ ആപ്പുകളിൽ രജിസ്റ്റർ ചെയ്തവരാണ് മണിക്കൂറുകളോളം വരിയിൽ നിന്നത്.
വാക്സിൻ തീർന്നുപോകുമോ എന്ന ആശങ്കയിൽ പലരും അനുവദിച്ച സമയത്തിനും വളരെ നേരത്തെ സ്റ്റേഡിയത്തി എത്തി. പ്രായം ചെന്നവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമടക്കം നൂറ് കണക്കിന് പേരാണ് സ്റ്റേഡിയത്തിൽ വാക്സീനെടുക്കാനായി ക്യൂ നിന്നത്. ഓരോരുത്തരുടെയും സമയക്രമം നോക്കി അകത്തേക്ക് കടത്തിവിടാൻ പൊലീസിന് കഴിഞ്ഞില്ല.
ജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരെ മുൻകൂട്ടി വിളിക്കാൻ ആരോഗ്യവകുപ്പും പരാജയപ്പെട്ടു. ഇതോടെയാണ് പുലർച്ചെ മുതൽ വരിയിൽ നിന്ന പലരും തളർന്ന് വീണത്. അതേസമയം, രണ്ടായിരം പേർക്കാണ് ഇന്ന് വാക്സിൻ കൊടുക്കാൻ ടോക്കൺ നൽകിയതെന്നും പക്ഷെ അതിലേറെ ആളുകളെത്തിയതാണ് പ്രശ്നമായതെന്നും ഡി.എം.ഒ പറയുന്നു. ഇനി മുതൽ കൃത്യസമയം പാലിച്ച് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡി.എം.ഒയുടെ നിർദ്ദേശം. വിഷയത്തിൽ അടിയന്തരമായി ഇടപെടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി.
Post Your Comments