ഗ്ലാസ്ഗോ:കൊവിഡ് വാക്സിൻ നൽകി സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. രാജ്യത്തിന് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സഹായം എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലാസ്ഗോയിലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചത്.
Also Read:സൗദിക്കെതിരായ ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണ ശ്രമം: നിശിതമായി വിമർശിച്ച് യു എ ഇ
2015ലെ വിനാശകാരിയായ ഭൂകമ്പത്തിന്റെ സമയത്തും ഇന്ത്യയുടെ സഹായം വലിയ അനുഗ്രഹമായിരുന്നെന്ന് ദ്യൂബ പറഞ്ഞു. കെട്ടിടങ്ങളുടെയും സ്കൂളുകളുടെയും പുനർനിർമാണം, സാംസ്കാരിക സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിവയ്ക്ക് ഇന്ത്യ നൽകിയ സംഭാവന അതുല്യമായിരുന്നെന്നും നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു.
ഗോർഖ ജില്ലയിൽ അമ്പതിനായിരം വീടുകളാണ് ഇന്ത്യ നിർമ്മിച്ചു നൽകിയത്. ഇന്ത്യയെയും നേപ്പാളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന എണ്ണ പൈപ്പ്ലൈനിനും നേപ്പാൾ ഇന്ത്യയോട് നന്ദി പറഞ്ഞു. ഇന്ത്യയുമായി എല്ലാ തരത്തിലുള്ള സഹകരണത്തിനും സന്തോഷമേയുള്ളൂവെന്ന് ദ്യൂബ നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. കൊവിഡാനന്തര കാലഘട്ടത്തിൽ ദീർഘവീക്ഷണത്തോട് കൂടിയുള്ള ബന്ധമാണ് ഇരു നേതാക്കളും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments