കോട്ടയം :സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് പിന്നാലെ രക്ത ക്ഷാമം രൂക്ഷമാകുന്നു. രക്തത്തിനായി നെട്ടോട്ടമോടുകയാണ് രോഗികളുടെ ബന്ധുക്കള്‍. ബ്ലഡ് ബേങ്കുകള്‍ മിക്കവയും കാലിയായി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
ആക്‌സിഡന്റ്, ബൈപാസ് സര്‍ജറിപോലെ കൂടുതല്‍ രക്തം ആവശ്യമായി വരുന്ന സര്‍ജറികള്‍ക്ക് വിധേയരാകേണ്ട രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. രക്തദാനത്തിന് തയ്യാറായിട്ടുള്ള സന്നദ്ധ സംഘടനകളും പ്രതിസന്ധിയിലാണ്. നേരത്തേ കൂടുതല്‍ രക്തം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ആശ്രയിച്ചിരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ എസ് എസ്, എന്‍ സി സി യൂനിറ്റുകളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളെയായിരുന്നു.
Also Read:സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം വൈകുന്നതിലെ പ്രതിസന്ധി തുടരുന്നു
കോളജുകളും ഹോസ്റ്റലുകളും അടച്ചിരിക്കുന്നതിനാല്‍ ആ സാധ്യതകള്‍ അടഞ്ഞു. കൊവിഡ് മൂലം ഒരു വര്‍ഷമായി രക്തത്തിന്റെ ലഭ്യതയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് കാര്യങ്ങള്‍ നീങ്ങുന്നത്. സന്നദ്ധ രക്തദാന സംഘടനകള്‍ വഴി രക്തം ആവശ്യമായി വരുന്ന 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 30 ശതമാനം ആളുകളെപ്പോലും സഹായിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
കൊവിഡ് വാക്സീന്‍ സ്വീകരിക്കുന്നവരില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ രക്തമെടുക്കാന്‍ കഴിയൂ എന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് കൂടി വാക്‌സീന്‍ ലഭ്യമാകാനിരിക്കെ, രക്തദാനത്തിന്റെ പ്രധാന കണ്ണികളായ യുവാക്കളുടെ ഇടപെടല്‍ ഈ രംഗത്ത് കുറയും. കൊവിഡ് മഹാമാരിയും വാക്‌സീന്‍ സ്വീകരണവും തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ രക്തദാതാക്കളെ കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി രക്ത ബേങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. ഓക്‌സിജന്‍ ക്ഷാമത്തിന് സമാനമായ പ്രതിസന്ധിയാണ് ബ്ലഡ് മേഖലയിലും ഉയരുന്നത്. ഈ പ്രതിസന്ധികൾ കൂടി അതിജീവിക്കേണ്ടതുണ്ട്.
Post Your Comments