ആലപ്പുഴ: ഹരിപ്പാട് ടൗൺ ജുമാമസ്ജിദിൽ മോഷണം. നേർച്ച വഞ്ചി മോഷ്ടാക്കൾ എടുത്തുകൊണ്ടു പോയി. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് മോഷണം നടന്നത്. പള്ളിയുടെ പ്രവേശന കവാടത്തിൽ വെച്ചിരുന്ന നേർച്ച വഞ്ചിയാണ് മോഷ്ടാക്കൾ കൊണ്ടു പോയത്. രണ്ടു മാസത്തോളമായി പണം എടുക്കാതിരുന്നതിനാൽ പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പള്ളി അധികൃതർ പറയുന്നത്.
രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. റോഡിലൂടെ നടന്ന് പള്ളിക്കുള്ളിൽ ആരും ഉണർന്നിരിപ്പില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മോഷണം നടത്തിയത്. തുടർന്ന് ഒരാൾ പള്ളിയുടെ മതിൽ ചാടിക്കടന്ന് നേർച്ച വഞ്ചി എടുത്ത് റോഡിൽ നിന്നിരുന്ന ആളിന് കൈമാറുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. നേർച്ച വഞ്ചി കൈമാറിയ ശേഷം ഇയാൾ മതിൽ ചാടി കടന്ന് രക്ഷപ്പെടുകയായിരുന്നു.
നേർച്ച വഞ്ചി എടുത്തയാൾ മാസ്‌ക് താഴ്ത്തി വെച്ചിരുന്നതിനാൽ മുഖം കൃത്യമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷണ സംഘം റെയിൽവേ സ്‌റ്റേഷൻ പരിസരത്തേയ്ക്ക് പോയതായി കണ്ടെത്തി. ഹരിപ്പാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments