മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. നാല് മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. വിമർശകരുടെ വായടപ്പിക്കാൻ മലയാളി താരം സഞ്ജു സാംസണിൽ നിന്ന് മികച്ച പ്രകടനമാണ് ആരാധകർ കാത്തിരിക്കുന്നത്.
പഞ്ചാബിനെതിരെ സെഞ്ചുറിയോടെ സീസൺ തുടങ്ങിയ ശേഷം സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതാണ് രാജസ്ഥാന്റെ തലവേദന. ആദ്യ മത്സരത്തിൽ 119 റൺസ് നേടിയ സഞ്ജു പിന്നീട് നിരാശപ്പെടുത്തി. ഡൽഹിക്കെതിരെ 4 റൺസും ചെന്നൈയ്‌ക്കെതിരെ 1 റണ്ണും ബാംഗ്ലൂരിനെതിരെ 21 റൺസും മാത്രം നേടാനെ സഞ്ജുവിന് കഴിഞ്ഞുള്ളൂ. ഇതോടെ വിമർശനവുമായി സുനിൽ ഗവാസ്‌കർ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. പ്രമുഖ വിദേശതാരങ്ങളുടെ അഭാവവും ഫോമില്ലായ്മയും ഉയർത്തുന്ന വെല്ലുവിളിയും രാജ്ഥാന് മറികടക്കേണ്ടതുണ്ട്.
മറുവശത്ത് കൊൽക്കത്തയും പ്രതിസന്ധിയിലാണ്. ആദ്യ കളിയിൽ ഹൈദരാബാദിനെതിരെ 10 റൺസ് ജയം സ്വന്തമാക്കിയ ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങളിലും തോറ്റു. ബൗളിംഗ് നിരയുടെ പ്രകടനമാണ് കൊൽക്കത്ത നേരിടുന്ന പ്രധാന വെല്ലുവിളി. ബാംഗ്ലൂരും ചെന്നൈയും കൊൽക്കത്തയ്‌ക്കെതിരെ 200 റൺസിന് മുകളിൽ സ്‌കോർ ചെയ്തു. ബാറ്റിംഗിൽ ദിനേഷ് കാർത്തികും ശുഭ്മാൻ ഗില്ലും ഇയാൻ മോർഗനും ഫോം കണ്ടെത്താനാകാതെ വലയുന്നു. ഫോമിലുള്ള നിതീഷ് റാണയും കഴിഞ്ഞ മത്സരത്തിൽ ഫോമിലേയ്‌ക്കെത്തിയ ആന്ദ്രെ റസലുമാണ് കൊൽക്കത്തയുടെ കരുത്ത്.
Post Your Comments